അവസാന യാത്രയിലും അവർ പിരിഞ്ഞില്ല; ഒരുമിച്ചു മടങ്ങിയത് ചേതനയറ്റ ശരീരങ്ങളായി
text_fieldsതലയാട് പടിക്കൽ വയലിൽ ബൈക്കപകടത്തിൽ മരിച്ച ശ്രീരാഗ്, അജയ് എന്നിവർ
എകരൂൽ: ഒരുമിച്ച് ജോലി ചെയ്തും സൗഹൃദം പങ്കിട്ടും കഴിഞ്ഞ മൂന്ന് സുഹൃത്തുക്കൾ. ഒരുമിച്ചുള്ള യാത്രക്കൊടുവിൽ രണ്ടുപേർ ചേതനയറ്റ ശരീരങ്ങളായി മടങ്ങിയെത്തിയപ്പോൾ മൂന്നാമൻ ആശുപത്രിക്കിടക്കയിൽ.
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ തലയാട് ഭാഗത്തുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ച എകരൂൽ കരുവാറ്റക്കുന്നുമ്മൽ അജയ് (18), പേരാമ്പ്രക്കടുത്ത മുതുകാട് ചെങ്ങോട്ടക്കൊല്ലി ശ്രീരാഗ് (24) എന്നിവരുടെ മൃതദേഹങ്ങൾ എകരൂലിലെ കരുവാറ്റക്കുന്നുമ്മൽ വീട്ടിൽ പൊതുദർശനത്തിന് എത്തിച്ചപ്പോൾ നാട് സാക്ഷ്യംവഹിച്ചത് കണ്ണീരണിയിക്കുന്ന രംഗങ്ങൾക്ക്. ആംബുലൻസിൽ മൃതദേഹങ്ങൾ എത്തിച്ചതോടെ ബന്ധുമിത്രാദികളുടെ നിലവിളികൾ അന്തരീക്ഷത്തെ വേദനയിലാഴ്ത്തി.
എകരൂലിലെ അമ്പിളി സൗണ്ട്സിനൊപ്പമായിരുന്നു ഉറ്റസുഹൃത്തുക്കളായിരുന്ന മൂവരുടെയും ജോലി. ഞായറാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയശേഷം തലയാട് ഭാഗത്ത് പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചാണ് അപകടം. കരുവാറ്റക്കുന്നുമ്മൽ നകുലൻ - അനിത ദമ്പതികളുടെ മകൻ ആനന്ദ് (19) ഏതാനും ദിവസം മുമ്പ് വാങ്ങിയ ബൈക്കിലായിരുന്നു യാത്ര. ഒരുമിച്ച് നടന്ന പ്രിയ ചങ്ങാതിമാരുടെ വിയോഗമറിയാതെ ഗുരുതര പരിക്കേറ്റ ആനന്ദ് ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊതുദർശനത്തിനുശേഷം ശ്രീരാഗിന്റെ മൃതദേഹം സ്വദേശമായ മുതുകാട്ടെ വീട്ടുവളപ്പിലും അജയ്ന്റെ മൃതദേഹം എകരൂൽ കരുവാറ്റക്കുന്നുമ്മൽ വീട്ടുവളപ്പിലും സംസ്കരിച്ചു.
ഷിജു -സിന്ധു ദമ്പതികളുടെ മകനാണ് അജയ്. സഹോദരങ്ങൾ: ആനന്ദ്, അജന്യ. റീനയാണ് ശ്രീരാഗിന്റെ മാതാവ്: സഹോദരങ്ങൾ: ശ്രീജിത്ത്, സിനൂപ്, ശ്രീജില, കുഞ്ഞുണ്ണി.

