മിനുക്കുപണി നടത്തി നായനാരുടെ പ്രതിമ പുനഃസ്ഥാപിച്ചു
text_fieldsകണ്ണൂർ: ഒടുവിൽ നായനാരുടെ പ്രതിമയുടെ മുഖംമിനുക്കി. കണ്ണൂർ ബർണശ്ശേരിയിലെ ഇ.കെ. നായനാർ അക്കാദമിയുടെ പ്രവേശനകവാടത്തിൽ സ്ഥാപിച്ച നായനാരുടെ പൂർണകായപ്രതിമയാണ് മാറ്റിസ്ഥാപിച്ചത്. മുഖഭാവത്തിലോ ശരീരപ്രകൃതിയിലോ സാമ്യമില്ലെന്ന ആരോപണം വിവാദമായിരുന്നു. തുടർന്ന് ശിൽപി തോമസ് ജോൺ കോവൂരിെൻറ സാന്നിധ്യത്തിലാണ് പ്രതിമയുടെ മിനുക്കുപണികൾ നടത്തിയത്.
നിലവിലുള്ള വെങ്കലപ്രതിമയുടെ കണ്ണടയുടെ ഫ്രെയിമിെൻറ കനവും കൂട്ടി. പുരികങ്ങളിലും മിനുക്കുപണികൾ നടത്തി. പ്രതിമ സ്ഥാപിച്ച പീഠത്തിെൻറ ഉയരം 11 അടിയിൽനിന്ന് ഏഴടിയായി കുറച്ചാണ് പുനഃസ്ഥാപനം. പീഠം പൊളിച്ച് പ്രതിമ എക്സ്കവേറ്ററിെൻറ സഹായത്തോടെ താഴെയിറക്കിയാണ് പ്രവൃത്തികൾ നടത്തിയത്. കെ.കെ. രാഗേഷ് എം.പി, ആർക്കിടെക്ട് ആർ.കെ. രമേശ് എന്നിവരും ശിൽപിയോടൊപ്പം സ്ഥലത്തെത്തി.
പുനഃസ്ഥാപനത്തിനുശേഷവും പരാതികളുയരുകയാണെങ്കിൽ മറ്റുവഴികൾ തേടാനും ആലോചനയുണ്ട്. ശിൽപത്തിന് പിറകിലായി വൃക്ഷം വെച്ചുപിടിപ്പിച്ച് വെളിച്ചത്തിെൻറ ക്രമീകരണം സാധ്യമാക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. പ്രകാശം പ്രതിമയുടെ മുഖത്തേക്ക് പ്രസരിക്കുന്നരീതിയിൽ സ്പോട്ട് ലൈറ്റുകൾ സജ്ജീകരിച്ചതിനുശേഷവും ഉദ്ദേശിച്ച ഫലം കണ്ടില്ലെങ്കിലാണ് ഇത് നടപ്പിലാക്കുക.
അതേസമയം, പാർട്ടി തീരുമാനമുണ്ടായാൽ പ്രതിമ സ്ഥലംമാറ്റി സ്ഥാപിക്കുന്നതും ആലോചിക്കുമെന്ന് സൂചനയുണ്ട്. നിലവിൽ അക്കാദമി കെട്ടിടത്തിൽനിന്ന് ഏറെ മുന്നിലായാണ് പ്രതിമയുടെ സ്ഥാനം. നായനാരുടെ ചരമവാർഷികദിനമായ മേയ് 19ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. നായനാർ അക്കാദമി മാനേജിങ് സെക്രട്ടറിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ശിൽപി കണ്ണൂരിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
