കണ്ണൂരിൽ എട്ടുവയസ്സുകാരിയെ ക്രൂരമായി മർദിച്ച സംഭവം; പിതാവിന്റെ മൊഴി വിശ്വസിക്കാതെ പൊലീസ്
text_fieldsകണ്ണൂർ: ചെറുപുഴയിൽ എട്ടുവയസ്സുകാരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിതാവിന്റെ മൊഴി വിശ്വസിക്കാതെ പൊലീസ്. വിശദമായ അന്വേഷണത്തിന് പൊലീസ് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചെത്തിക്കാൻ വേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചത് എന്ന മൊഴിയാണ് പൊലീസിനോട് പിതാവ് ജോസ് ആവർത്തിച്ചത്. കുട്ടികളുടെ മൊഴിയിലും പ്രാങ്ക് വീഡിയോ എന്നാണ് ആവർത്തിക്കുന്നത്. ഈ മൊഴി പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. അതിനാൽ തന്നെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. അതിനിടെ, കഴിഞ്ഞദിവസം ഇയാളെ റിമാൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ 19നാണ് വിഡിയോ ചിത്രീകരിച്ചത്. ഇത് ഭാര്യക്ക് അയച്ചു നൽകിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ടു മക്കളെയും ഇന്നലെ തന്നെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റിയിരുന്നു. കുട്ടികളുടെ മാനസിക ആരോഗ്യം പൂർവ്വ സ്ഥിതിയിൽ ആയതിനുശേഷം ബാലാവകാശ കമ്മീഷൻ വിശദമായ മൊഴി രേഖപ്പെടുത്തും. കൗൺസലിങ്ങും നടത്തും. ഈ ഘട്ടത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും എന്നാണ് പോലീസും കരുതുന്നത്. സ്വന്തം മകളെ അച്ഛൻ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വാർത്ത മാധ്യമങ്ങൾ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്.
മകളെ മുടിക്ക് പിടിക്കുകയും നിലത്തേക്ക് വലിച്ചിട്ട് അരിവാളിന് വെട്ടാനോങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം. മാറി താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നായിരുന്നു പിതാവിന്റെ വിശദീകരണം. പിന്നാലെ സംഭവത്തിൽ കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. മകളെ പിതാവ് ക്രൂരമായി മർദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ പൊലീസിന് പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

