നന്ദിപറയാൻ എട്ട് വയസ്സുകാരൻ പൊലീസ് സ്റ്റേഷനിൽ എത്തി
text_fieldsതച്ചനാട്ടുകര: ആപൽഘട്ടത്തിൽ തുണയായ പൊലീസിനോട് നന്ദിപറയാൻ എട്ട് വയസ്സുകാരൻ സ്റ്റേഷനിൽ എത്തി. സംഭവം ഇങ്ങനെ...
ഇക്കഴിഞ്ഞ രണ്ടാം തീയതി ഉച്ചക്ക് നാട്ടുകൽ എസ്.ഐ അനിൽ മാത്യുവിെൻറ ഫോണിലേക്ക് ഒരുവിളിവരുന്നു. പാലോട് സ്വദേശിയായ എട്ട് വയസ്സുകാരെൻറ മാതാവാണ് വിളിച്ചത്. പാമ്പ് കടിയേറ്റ മോനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഒരുമാർഗവുമില്ലെന്ന് പറഞ്ഞു.
അവരെ ആശ്വസിപ്പിച്ച എസ്.ഐ ഉടൻ ജീപ്പുമായി പാലോട്ടിലെ വീട്ടിൽ എത്തി. ആണുങ്ങൾ കൂടെ ഇല്ലാത്തതിനാൽ സമീപവാസിയെ ഒപ്പം കൂട്ടാൻ പൊലീസ് നിർദേശിക്കുന്നു.
കുട്ടിയെ വാഹനത്തിൽ കയറ്റി എസ്.ഐ അനിൽ മാത്യു, അൻവർ, റഫീഖ്, പ്രശാന്ത് എന്നീ പൊലീസുകാർ ഇവരുമായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുതിച്ചു. വഴിമധ്യേ ഇവരുടെ കൈയിൽ പണമില്ലെന്നറിഞ്ഞ എസ്.ഐയും അൻവർ എന്ന പൊലീസുകാരനും ചേർന്ന് അത്യാവശ്യത്തിനുള്ള തുക നൽകുന്നു. വ്യാഴാഴ്ച കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തു.
അടയ്ക്കാനുള്ള ബാക്കി പണം ഈ പൊലീസുകാർ ആ കുടുംബത്തിന് എത്തിച്ചുനൽകി വീണ്ടും സാന്ത്വനമായി. നിവൃത്തിയില്ലാത്തവർക്ക് മരുന്ന് എത്തിച്ചുനൽകി നാട്ടുകൽ പൊലീസ് നേരത്തെയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മലപ്പുറം -പാലക്കാട് ജില്ല അതിർത്തിയായ കരിങ്കല്ലത്താണിയിൽ ക്യാമ്പ് ചെയ്യുന്ന പെരിന്തൽമണ്ണ, നാട്ടുകൽ പൊലീസുകാരുടെ മനുഷ്യത്വപരമായ ഇടപെടലുകൾ അഭിനന്ദിക്കപ്പെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
