വിദ്യാർഥിയെ സംഘം ചേർന്ന് മർദിച്ച സംഭവം: എട്ടു വിദ്യാർഥികളെ സ്കൂളിൽനിന്ന് പുറത്താക്കി
text_fieldsമൂവാറ്റുപുഴ: സഹപാഠിയെ സിനിമാ സ്റ്റൈലിൽ കൂട്ടം ചേർന്ന് ക്രൂരമായി മർദിക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ആഘോഷമാക്കുകയും ചെയ്ത സംഭവത്തിൽ എട്ടു വിദ്യാർഥികളെ സ്കൂളിൽനിന്ന് പുറത്താക്കി. വാളകം മാർ സ്റ്റീഫൻ സ്കൂളിലെ വിദ്യാർഥിക്കാണ് സഹപാഠികളിൽനിന്ന് മർദനമേറ്റത്. സംഭവത്തിൽ ഉൾപ്പെട്ട നാല് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അക്രമത്തിന്റെ വിഡിയോ പകർത്തിയ വിദ്യാർഥിയെ ഉൾപ്പെടെയാണ് സ്കൂൾ അധികൃതർ പുറത്താക്കിയത്. എന്നാൽ, ഇവർക്ക് പരീക്ഷ എഴുതുന്നതിന് തടസ്സമുണ്ടാകില്ല.
സ്കൂളിന് പുറത്തുവെച്ചാണ് ഒരു വിദ്യാർഥിയെ സഹപാഠികളായ സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. കഴിഞ്ഞ 17ന് സ്കൂൾ വളപ്പിന് പുറത്തായിരുന്നു സംഭവം. വിദ്യാർഥിയെ സഹപാഠികൾ വളഞ്ഞുവെച്ചശേഷം ആക്രമിക്കുകയായിരുന്നു. മുഖത്തും തലയിലും മാറിമാറി അടിക്കുകയും ചവിട്ടുകയും ചെയ്തു. അടിക്കുന്നതിന് മുമ്പും ശേഷവും ആഹ്ലാദിച്ച് ആർത്തു ചിരിക്കുന്നതും നൃത്തം ചവിട്ടുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. സംഭവത്തിന്റെ തലേ ദിവസമുണ്ടായ ചെറിയ തർക്കമാണ് കാരണം. അക്രമ ദൃശ്യങ്ങൾ വിദ്യാർഥികൾ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വിവരം കുട്ടിയുടെ വീട്ടിൽ അടക്കം അറിയുന്നത്.
പരിക്കേറ്റ കുട്ടിയുടെ രക്ഷിതാക്കളും പി.ടി.എ ഭാരവാഹികളും സ്കൂളിലെത്തി ശക്തമായ പ്രതിഷേധം ഉയർത്തിയതോടെയാണ് മാനേജ്മെന്റ് അച്ചടക്ക നടപടി സ്വീകരിച്ചത്. എ.ഇ.ഒ സ്കൂളിലെത്തി വിവരങ്ങൾ ശേഖരിക്കുകയും പ്രധാനാധ്യാപകനോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. അക്രമത്തിനിരയായ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, സംഭവം നടന്ന സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

