സി.പി.എം കണ്ണൂർ ജില്ല സമിതിയിൽ എട്ട് ക്ഷണിതാക്കൾ, സക്കീർ ഹുസൈൻ സെക്രട്ടേറിയറ്റിൽ
text_fieldsസി.പി.എം വിശാല ജില്ല സമിതി യോഗത്തിന് ശേഷം കണ്ണൂർ എ.കെ.ജി ഹാളിൽ നിന്ന് പുറത്തിറങ്ങുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സംസ്ഥാന സമിതി അംഗങ്ങളായ എ.എൻ. ഷംസീർ, ടി.വി. രാജേഷ് എന്നിവർ സമീപം
കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയറ്റ് അംഗമായി ഇരിട്ടി ഏരിയ സെക്രട്ടറിയും ജില്ല റെഡ് വളന്റിയർ ക്യാപ്‌റ്റനുമായ കെ.വി. സക്കീർ ഹുസൈനെ വിശാല ജില്ല സമിതി യോഗം തെരഞ്ഞെടുത്തു. ശ്രീകണ്‌ഠപുരം ഏരിയ സെക്രട്ടറി എം.സി. രാഘവൻ, മാടായി ഏരിയ സെക്രട്ടറി എം. ശ്രീധരൻ എന്നിവർ പുതിയ ജില്ലാ കമ്മറ്റി അംഗങ്ങളാണ്. നാല് ഏരിയ സെക്രട്ടറിമാർ ഉൾപ്പെടെ എട്ടുപേരെ ജില്ല സമിതിയിൽ ക്ഷണിതാക്കളായി ഉൾപ്പെടുത്തി.
ഏരിയ സെക്രട്ടറിമാരായ കെ. നാരായണൻ (പാപ്പിനിശേരി), എം. സുകുമാരൻ (കൂത്തുപറമ്പ്), എം രതീഷ് (മട്ടന്നൂർ), സി.ടി. അനീഷ് (പേരാവൂർ), അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ല പ്രസിഡന്റ് സി. രജനി, കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് എ.കെ. ബീന, തളിപ്പറമ്പ് മുൻ ഏരിയ സെക്രട്ടറി പി. മുകുന്ദൻ, ജില്ല കമ്മറ്റി ഓഫീസ് ചുമതലയിൽ പ്രവർത്തിക്കുന്ന വി. ബാബു എന്നിവരാണ് ക്ഷണിതാക്കൾ.
36 ഇന കർമ പദ്ധതികൾ
ജനകീയാടിത്തറയും വിപുലമാക്കാനുള്ള 36 ഇന പദ്ധതികൾ പ്രഖ്യാപിച്ച് സി.പി.എം വിശാല കണ്ണൂർ ജില്ല സമിതിയോഗം സമാപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോർച്ചയും സംഘടനാദൗർബല്യങ്ങളും പരിഹരിച്ച് വ്യത്യസ്‌ത മേഖലകളിൽ കൂടുതൽ ഫലപ്രദമായി ഇടപെടാനുള്ള തീരുമാനങ്ങളാണ് യോഗം കൈക്കൊണ്ടത്. ജില്ലയിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ പാർട്ടിക്ക് പടിപടിയായി വർധിക്കുന്ന ബഹുജനസ്വാധീനത്തെ മറികടക്കാൻ ചില കുപ്രചാരണങ്ങൾക്കായെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച് ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു.
ന്യൂനപക്ഷ പ്രതിനിധി ഇല്ലാത്തത് തിരിച്ചടിയായി
നിയമസഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ സ്ഥാനാർഥികൾ ജില്ലയിൽ ഇല്ലാതിരുന്നത് തിരിച്ചടിയായെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചു. പ്രചാരണം മറികടക്കാൻ ശക്തമായ ഇടപെടലുണ്ടാവും. ക്രിസ്‌തൃൻ ന്യൂനപക്ഷങ്ങളുടെ വിശ്വാസ്യത ആർജിക്കാനുള്ള പ്രവർത്തനങ്ങളുമുണ്ടാവും. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തെറ്റിദ്ധരിക്കപ്പെട്ട് അകന്നുപോയ പാർട്ടി ബന്ധുക്കളെയും പാർട്ടിയോട് എല്ലാ കാലവും ചേർന്നുനിന്നിരുന്ന ജനവിഭാഗങ്ങളുടെയും വിശ്വാസം ആർജിക്കാനുള്ള ക്ഷമയേതാടെയുള്ള പ്രവർത്തനങ്ങൾ പാർടി സംഘടിപ്പിക്കുമന്നും രാഗേഷ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
രണ്ടാം ദിനം പൊതുചർച്ച, മറുപടി
ജില്ല സെക്രട്ടറി കെ കെ രാഗേഷ് അവതരിപ്പിച്ച റിപ്പോർട്ടിലുള്ള പൊതുചർച്ചയും മറുപടിയുമാണ് രണ്ടാംദിനം നടന്നത്. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ, കേന്ദ്രകമ്മറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, കെ.എൻ. ബാലഗോപാൽ, പുത്തലത്ത് ദിനേശൻ, ക്ഷണിതാക്കളായ ജോൺ ബ്രിട്ടാസ്, സംസ്ഥാന സമിതി അംഗങ്ങളായ എ.എൻ. ഷംസീർ, ടി.വി. രാജേഷ്, എൻ. ചന്ദ്രൻ, വത്സൻ പനോളി, വി. ശിവദാസൻ എം.പി, പി. ശശി, എം. പ്രകാശൻ, വി.കെ. സനോജ്, കെ. സജീവൻ, ബിജു കണ്ടക്കൈ, ക്ഷണിതാക്കളായ എൻ.സുകന്യ, എം. വിജിൻ, പി. എസ്. സഞ്‌ജീവ് എന്നിവർ പങ്കെടുത്തു. ബഹുജന റാലി 25ന് വൈകീട്ട് കണ്ണൂരിൽ നടക്കും.
പരിസ്ഥിതി ലോല മേഖല: ആശങ്കയകറ്റണം- സി.പി.എം
കണ്ണൂർ: കൃഷി, ജനവാസ മേഖലയെ അടക്കം പരിസ്ഥിതി ലോല മേഖല പ്രദേശമായി വിജ്ഞാപനം ചെയ്തതിനാൽ ജനങ്ങൾക്കുണ്ടായ ആശങ്കയകറ്റാൻ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് സി.പി.എം വിശാല ജില്ല സമിതിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലയിലെ കൊട്ടിയൂർ, ചെറുവാഞ്ചേരി, ആറളം പ്രദേശങ്ങളും പരിസ്ഥിതി ലോല മേഖല ഉൾപ്പെട്ടിട്ടുണ്ട്. ഈ വില്ലേജുകളിൽ കടുത്ത നിയന്ത്രണവും കുടിയിറക്കൽ അടക്കം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. മലയോരത്താകെ ഇതിന്റെ ആശങ്ക നിഴലിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിജ്ഞാപനത്തിനെതിരേ മലയോര മേഖലകളിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.
കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഏറ്റവും പുതിയ ഇ.എസ്.എ കരട് വിജ്ഞാപന പ്രകാരം സംസ്ഥാനത്തെ 131 വില്ലേജുകളാണു പരിസ്ഥിതി ലോല നിയന്ത്രണ മേഖലയിലുള്ളത്. ജില്ലയിലെ സ്ഥലങ്ങളിലും ഇ.എസ്.എ സംബന്ധിച്ച നാട്ടുകാരുടെ ആശങ്ക പരിഹരിക്കാതെയാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. ജില്ലയിലെ മലയോരത്ത് അതീവ ഗുരുതരമായ പ്രത്യാഘാതമാണ് 2014ൽ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന പരിസ്ഥിതി ലോല വിജ്ഞാപനം വഴി ഉണ്ടായത്. യഥാർഥ ഇ.എസ്.എ മേഖല കണ്ടെത്താൻ ഗ്രൗണ്ട് റൂട്ടിങ് നടത്തണം. ഒരു വില്ലേജിന്റെ ചെറിയൊരു ഭാഗത്തു വനമുണ്ടെങ്കിൽ പോലും ആ വില്ലേജ് മുഴുവൻ ഇ.എസ്.എയിൽ പെടുത്തുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്കക്ക് പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
