നാദാപുരത്ത് ഉഗ്രസ്ഫോടനശക്തിയുള്ള എട്ട് നാടൻ ബോംബുകൾ കണ്ടെത്തി
text_fields
പേരോട്ട് കണ്ടെടുത്ത നാടൻ ബോംബുകൾ
നാദാപുരം: നാദാപുരം പേരോട്ട് ഉഗ്ര സ്ഫോടനശക്തിയുള്ള എട്ട് നാടൻ ബോംബുകൾ കണ്ടെത്തി. പേരോട് മഞ്ഞാമ്പുറം പറമ്പിന് സമീപം പി.വി.സി പൈപ്പിനുള്ളിലാക്കി കൈയാലപ്പൊത്തിനകത്ത് സൂക്ഷിച്ച എട്ട് നാടൻ ബോംബുകളാണ് കണ്ടെടുത്തത്. 10 സെ.മീ. വണ്ണവും 60 സെ.മീ. നീളമുള്ള പ്ലാസ്റ്റിക് പൈപ്പിൽ അഞ്ചെണ്ണവും 30 സെ.മീ. നീളമുള്ള മറ്റൊരു പൈപ്പിൽ മൂന്നെണ്ണവുമാണ് ഉണ്ടായിരുന്നത്. മഴ നനഞ്ഞ് നശിക്കാതിരിക്കാൻ അലുമിനിയം പേപ്പറിൽ പൊതിഞ്ഞ് പൈപ്പിന്റെ രണ്ടറ്റവും സ്റ്റോപ്പർ ഇട്ട് ഭദ്രമായി അടച്ചിരുന്നു. മഞ്ഞാംപുറത്ത് കുനിയിൽ ജലീലിന്റെയും പുളിയാവ് സ്വദേശി കുഞ്ഞമ്മദ് ഹാജിയുടെയും ഉടമസ്ഥതയിലുള്ള പറമ്പുകൾക്കിടയിലെ കൈയാലയിൽനിന്നാണ് ബോംബ് കണ്ടെടുത്തത്.
ഏറെ പഴക്കമില്ലാത്തതാണ് ഇവയെന്ന് ബോംബ് സ്ക്വാഡ് സ്ഥിരീകരിച്ചു. ഉച്ചക്ക് രണ്ടോടെ കെ.എസ്.ഇ.ബി ജീവനക്കാർ ലൈൻ വലിക്കുന്നതിനിടെയാണ് പി.വി.സി പൈപ്പുകൾ കണ്ടെത്തിയത്. ഇവർ പൊലീസിൽ വിവരമറിയിച്ചതോടെ എസ്.ഐ എസ്. ശ്രീജിത്ത്, ബോംബ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. കസ്റ്റഡിയിലെടുത്തശേഷം ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ ചേലക്കാട് ക്വാറിയിൽ എത്തിച്ച് നിർവീര്യമാക്കി.