അമേരിക്കൻ കമ്പനി ജി.ആർ എട്ട് മേധാവികൾ ധനകാര്യ മന്ത്രിയുമായി ചർച്ച നടത്തി
text_fieldsഅമേരിക്കൻ അക്കൗണ്ടിങ് കമ്പനിയായ ജിആർ 8 അഫിനിറ്റി സർവീസസിന്റെ ചീഫ് എക്‌സിക്യുട്ടിവ് ഓഫീസർ ഫ്രാങ്ക് പാട്രി ധനകാര്യമന്ത്രി കെ എൻ ബാലഗോപാലിനെ സന്ദർശിച്ചപ്പോ
തിരുവനന്തപുരം: ആഗോള അക്കൗണ്ടിങ് കമ്പനിയായ ജി.ആർ എട്ട് അഫിനിറ്റി സർവീസസ് എൽ.എൽ.പിയുടെ പ്രവർത്തനം കേരളത്തിലും ആരംഭിക്കുന്നു. ആദ്യഘട്ടമായി കൊട്ടാരക്കര കുളക്കടയിൽ അസാപ് പാർക്കിൽ കമ്പനിയുടെ ഐ.ടി സംരംഭം വ്യാഴാഴ്‌ച പ്രവർത്തനം ആരംഭിക്കും. ഇതുകൂടാതെ കൊരട്ടിയിലും, ബംഗളരൂവിലും പാർക്കുകൾ ആരംഭിക്കാനും തീരുമാനിച്ചു. കമ്പനി മേധാവികൾ ബുധനാഴ്‌ച ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലുമായി കൂടികാഴ്‌ച നടത്തി.
അമേരിക്ക ആസ്ഥാനമായ കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടിവ് ഓഫീസർ ഫ്രാങ്ക് പാട്രി, ഇന്ത്യൻ ഡയറക്ടർ എൻ അനീഷ് എന്നിവരാണ് ധനമന്ത്രിയുമായി ചർച്ച നടത്തിയത്. കൊമേഴ്‌സ് ബിരുദധാരികൾക്ക് തൊഴിൽ സാധ്യത തുറന്നുകൊണ്ടാണ് കുളക്കട അസാപ്പിൽ കമ്പനി എത്തുന്നത്. അമേരിക്കയിലെ അക്കൗണ്ടിങ് മേഖലയിൽ ആവശ്യമായ എൻറോൾഡ് ഏജന്റുമാരെ പരിശീലിപ്പിക്കുന്നത് അസാപ്പ് ആരംഭിച്ചിരുന്നു. ഈ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ജി.ആർ എട്ട് ജോലി അവസരം ഒരുക്കും.
മുമ്പുതന്നെ കേരളത്തിലെ ഉൾഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും വിദ്യാസമ്പന്നരെ എൻറോൾഡ് ഏജന്റുമാരായി പരിശീലിപ്പിക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. കുളക്കട അസാപ് സ്‌കിൽ പർക്കിൽ സെന്ററിൽ ആദ്യം പരിശീലനം ലഭിച്ച മുപ്പതോളം പേരിൽ 25 പേർക്കും പ്ലെയിസ്‌മെന്റ് കിട്ടി. ഇവരിൽ 18 പേരെയാണ് ജി.ആർ എട്ട് ശാഖയിലേക്ക് തെരഞ്ഞെടുത്തത്. ഇവർക്ക് വലിയ നഗരങ്ങളിൽ ജോലി ചെയ്യുന്ന അതേ ശമ്പളവും ആനുകൂല്യങ്ങളും കിട്ടും. കേരളത്തിൽ എല്ലായിടങ്ങളിലും ചെയ്യാൻ പറ്റുന്ന വർക്ക് നിയർ ഹോമും, ചെറിയ നഗരങ്ങൾക്ക് അനുയോജ്യമായ തൊഴിലടിങ്ങളും പുതിയ തൊഴിലിന്റെ സാധ്യതകളാണ് തുറക്കുന്നത്. ഇത് പുതിയ തുടക്കമാണെന്ന് ധനമന്ത്രി പറഞ്ഞു.
കൊമേഴ്‌സിൽ ബിരുദവും ബിരൂദാനന്തര ബിരുദമുള്ളവർക്ക് കൂടുതൽ പരിശീലനം നൽകികൊണ്ട് മികച്ച തൊഴിൽ അവസരം ഒരുക്കാനാകും. വിവിധ ഓൺലൈൻ സേവന മേഖലകളിലൂടെ മികച്ച തൊഴിലവസരങ്ങൾ ഒരുക്കാനുമുള്ള പദ്ധതിക്ക് പുതിയ സംരംഭം മാതൃകയാകുമെന്നും ധനമന്ത്രി ചർച്ചയിൽ വ്യക്തമാക്കി. അസാപ്പ് സി.എം.ഡി ഡോ. ഉഷ ടൈറ്റസ്, കേരള സ്‌റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

