ചരക്കുകപ്പലിൽ നിന്നുള്ള എട്ട് കണ്ടെയ്നറുകൾ കൊല്ലം തീരത്തടിഞ്ഞു; ജാഗ്രത നിർദേശം
text_fieldsകൊല്ലം: കടലിൽ മുങ്ങിയ ചരക്കുകപ്പൽ എം.എസ്.സി എൽസ 3 യിൽ നിന്നുള്ള എട്ട് കണ്ടെയ്നറുകൾ കൊല്ലത്ത് വിവിധയിടങ്ങളിലായി തീരത്തടിഞ്ഞു. ചെറിയഴീക്കൽ, ശക്തികുളങ്ങര, പരിമണം ഭാഗങ്ങളിലാണ് കണ്ടെയ്നറുകൾ തീരത്തടിഞ്ഞത്. അഞ്ച് മണിയോടെയാണ് നീണ്ടകര പരിമണം ഭാഗത്ത് മൂന്ന്‌സെറ്റ് കണ്ടെയ്‌നറുകള്‍ കണ്ടത്. തുറന്ന അവസ്ഥയിലായിരുന്നു ഇവ. ദുരന്ത നിവാരണ സേനയും പൊലീസും സ്ഥലത്തുണ്ട്.
കപ്പലിലെ കണ്ടെയ്നറുകൾ കൂടുതൽ ഇടങ്ങളിൽ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കപ്പലിലുണ്ടായിരുന്ന 643 കണ്ടെയ്നറുകളില്‍ 73 എണ്ണവും കാലിയാണ്. 13 എണ്ണത്തില്‍ കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള രാസവസ്തുക്കളുണ്ടെന്നാണ് കസ്റ്റംസ് വെളിപ്പെടുത്തല്‍. ബാക്കി എന്തൊക്കെയാണുള്ളതെന്ന വിവരം പുറത്തുവന്നിട്ടില്ല.
മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ വീണ്ടെടുക്കൽ ശ്രമകരമായ ദൗത്യമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വലിയ സാമ്പത്തിക ചെലവ് ആവശ്യമായതിനാൽ കൃത്യമായി വിശകലനം നടത്തിയ ശേഷമായിരിക്കും കണ്ടെയ്നറുകൾ ഉയർത്തുന്നതിനുള്ള പ്രവർത്തനം നടത്തുക. കപ്പലിന്‍റെ ഇൻഷുറൻസ് കമ്പനിവരെ ഉൾപ്പെടുന്ന കാര്യങ്ങളാണിത്.
നിലവിൽ അപകടം നടന്ന സ്ഥലത്ത് എണ്ണപ്പാട കാണുന്നുണ്ട്. നൂറോളം കണ്ടെയ്നറുകളാണ് വേർപെട്ട് ഒഴുകിനടക്കുന്നത്. ബാക്കിയുള്ളവ കപ്പലിനൊപ്പം മുങ്ങി. കപ്പലിന്‍റെ ഭാഗങ്ങളോ കണ്ടെയ്നറുകളോ ഇതുവഴിയെത്തുന്ന മറ്റ് കപ്പലുകൾക്ക് തടസ്സമോ അപകടമോ സൃഷ്ടിക്കാതിരിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഞായറാഴ്ച ഉച്ചക്ക് 1.25ഓടെയാണ് അപകടകരമായ ചരക്കുമായി കേരള തീരത്ത് ചരിഞ്ഞ ലൈബീരിയൻ കണ്ടെയ്നർ കപ്പൽ എം.എസ്.സി എൽസ -3 പൂർണമായും കടലിൽ മുങ്ങിയത്. ഉടൻ, കപ്പലിലെ 24 ജീവനക്കാരെയും കോസ്റ്റ് ഗാർഡും നാവികസേനയും ചേർന്ന് രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

