മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് മുട്ടത്തറിയിൽ എട്ട് ഏക്കർ
text_fieldsതിരുവനന്തപുരം: മത്സ്യത്തൊഴിലാളി പുനരധിവാസത്തിന് മുട്ടത്തറിയിൽ എട്ട് ഏക്കർ അനുവദിച്ച് അഡീഷനൽ ചീഫ് സെക്രട്ടറി (റവന്യൂ) ഡോ. എ. ജയതിലകിന്റെ ഉത്തരവ്. തിരുവനന്തപുരം താലൂക്കിലെ മുട്ടത്തറ വില്ലേജിൽ സർവേ നമ്പർ 2610ൽ ഉൾപ്പെട്ട ഭൂമിയാണ് അനുവദിച്ചത്.
നിലവിൽ അവിടെ ക്ഷീരവികസന വകുപ്പിന്റെ കൈവശം 17.43 ഏക്കർ ഭൂമിയുണ്ട്. അതിൽനിന്നും എട്ട് ഏക്കർ ഭൂമിയുടെ മുൻകൂർ കൈവശാവകാശം മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി മത്സ്യബന്ധന വകുപ്പിന് കൈമാറണമെന്ന് ലാൻഡ് റവന്യൂ കമീഷണർ സർക്കാറിന് സെപ്റ്റംബർ 29ന് ശിപാർശ സമർപ്പിച്ചിരുന്നു.
മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് ആവശ്യമായ ഭൂമി കണ്ടെത്തുക എന്നതിന്റെ അടിയന്തിര സ്വഭാവം പരിഗണിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൂമി കൈമാറുന്നതിനുണ്ടാകുന്ന കാലതാമസം കണക്കിലെടുത്താണ് സർക്കാർ ഭൂമി കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി പുനർഗേഹം പദ്ധതിക്കായി നടപടിക്രമങ്ങൾ പാലിച്ച് മത്സ്യബന്ധന വകുപ്പിന് നൽകാനാണ് സർക്കാർ ഉത്തരവ്
ഭൂമി കൈമാറ്റത്തിനുള്ള മാനദണ്ഡങ്ങളും നിബന്ധനകളും പ്രത്യേകമായി തീരുമാനിക്കും. അതിന് വിധേയമായാണ് ഈ ഭൂമിയുടെ മുൻകൂർ കൈവശാവകാശം മത്സ്യബന്ധന ഡയറക്ടർക്ക് കൈമാറുന്നതിന് അനുമതി നൽകി ഉത്തരവായത്. തുരുവനന്തപുരം കലക്ടർ ഈ വിഷയത്തിൽ അടിയന്തര തുടർനടപടി സ്വീകരിക്കണമെന്നും നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

