Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജീവിതപ്പെരുന്നാളുകള്‍...
cancel

വരുന്നത് ബലി പെരുന്നാളാണ്, ഇൗ പറയുന്നത് ഒരു ചെറിയ പെരുന്നാൾ ഒാർമയാണ്. അന്നൊക്കെ രാത്രി വാപ്പ ബീഡി തെറുത്ത് വിറ്റു കൊണ്ടു വരുന്ന പത്തു രൂപയ്ക്ക് വാങ്ങുന്ന അരിക്കും പലചരക്ക് സാധനങ്ങള്‍ക്കും രണ്ടു നേരത്തെ ആയുസ്സ് കഷ്ടിയായിരുന്നു. നോമ്പു മാസമായാല്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് ഭയങ്കര ഉഷാറാണ് ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള പള്ളിയില്‍ നോമ്പു തുറക്കാന്‍  നാലുമണിക്ക് മുമ്പേ പോയിരിക്കും കാരണം അവിടെ മാത്രമേ രണ്ടപ്പവും ഇത്തിരി കപ്പ കറിയും കിട്ടു .

അന്ന ഞായറാഴ്ച മാത്രമേ ഞങ്ങളുടെ നാട്ടില്‍ ഇറച്ചി വെട്ട് നടക്കാറുള്ളു അതും റമദാനില്‍. അല്ലാത്തമാസങ്ങളില്‍ കല്യാണ വീടുകളിലും കൊടികുത്ത്, പള്ളി പെരുന്നാള്‍, നബിദിനം മുതലായ വിശേഷാവസരങ്ങളിലും മാത്രം. വീട്ടില്‍ പഴയ പോലെ കപ്പയോ കഞ്ഞിയോ ഉണ്ടാവും പലപ്പോഴും അതു മതിയാകാതെ വരുമ്പോള്‍ വാപ്പ കഞ്ഞി കുടിക്കാന്‍ ഇരിക്കുമ്പോ അടുത്തു പോയി ഇരിക്കും. ഉള്ളകറി കഞ്ഞി പാത്രത്തിലേക്ക് ഇട്ട് കുടിക്കാന്‍ തുടങ്ങുമ്പോ ഞങ്ങൾ ചെല്ലു. ഞാനും അനുജനും പിന്നെ ഞങ്ങളുടെ കുറിഞ്ഞി പൂച്ചയും. വാപ്പ പാത്രത്തില്‍ കയ്യിട്ട് ഉള്ള വറ്റ് വാരി ഞങ്ങള്‍ക്കും പൂച്ചക്കും തരും,ബാക്കി വരുന്ന വെള്ളം മോന്തി സംതൃപ്തിയോടെ പോയി കിടക്കും. അപ്പോഴാണ്​ ഞങ്ങളുടെ ആവശ്യങ്ങള്‍ അവതരിപ്പിക്കാന്‍ ചെല്ലുക .നാളെ വരുമ്പോ ഉണ്ടന്‍പൊരി കൊണ്ടുവരണം, പൊട്ടിയ സ്ളേറ്റിനു പകരം പുതിയത് മേടിക്കണം ,പള്ളി കൂടത്തില്‍ നനയാതെ പോകാന്‍ ഒരു കുട ... അടുത്തു വിളിച്ച്​ തഴുകി കൊണ്ട് പറയും ‘എല്ലാം ശെരിയാക്കാമെടാ’ . പക്ഷെ ഉണ്ടന്‍ പൊരി ഒഴികെ ഒന്നും കിട്ടില്ല . പിന്നെ പാലക്കാട് കട നടത്തുന്ന മൂത്താപ്പ വല്ലപ്പോഴും വരുമ്പോ മേല്‍ പറഞ്ഞ ആവശ്യങ്ങള്‍ നടത്തി തരും.

പെരുന്നാളിലാണ് ആകെ ഒരു അറുമാതിക്കല്‍. തേങ്ങാ ചോറും ഇറച്ചിയും .വാപ്പയുടെ കൂട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും ഉമ്മാ അതെത്തിക്കും .ഇതിനുള്ള പണം കണ്ടത്തെുന്നത് ഉമ്മയാണ്. വാപ്പ ബീഡി തെറുക്കാന്‍ പോയ് കഴിഞ്ഞാല്‍ ഉമ്മാ ആവശ്യക്കാര്‍ക്ക് തെങ്ങിന്‍െറ ഓല (പട്ട )മെടഞ്ഞു കൊടുത്തു കിട്ടുന്ന തുട്ടുകള്‍ ഒരു പട്ടർ നടത്തുന്ന ഓണഫണ്ടില്‍ നിക്ഷേപിക്കും. പെരുന്നാള്‍ ആകുമ്പോള്‍ അത് വാങ്ങി അത്യാവശ്യം കുറഞ്ഞ വിലയുടെ തുണിയൊക്കെ വാങ്ങി ബാക്കിയുള്ളത് റമദാന്‍ ഇരുപത്തി ഒമ്പതിന് വാപ്പയുടെ കയ്യില്‍ ഏല്‍പ്പിക്കും പെരുന്നാള്‍ ദിവസത്തേക്കുള്ള പലചരക്കു സാധനങ്ങളും ഇറച്ചിയും വാങ്ങാന്‍.

ഒരു പെരുന്നാളിന് ഉമ്മ കൊടുത്ത എഴുപത്തഞ്ചു രൂപയും കൊണ്ട് പോയ വാപ്പ രാത്രി അല്പം അരിയും കപ്പയും വാങ്ങി തിരിച്ചു വന്നിരിക്കുന്നു ‘‘അല്ല ഇറച്ചിയും സാധനങ്ങളും എവിടേ​?’’ ‘‘അത് നമ്മേക്കാള്‍ അത്യാവശ്യം ഉള്ള ഒരാള്‍ക്ക് കൊടുക്കേണ്ടി വന്നു‘‘–ഉപ്പ പറഞ്ഞു. ഉമ്മക്ക്​ ദേഷ്യവും സങ്കടവും വന്ന്​ വായില്‍വന്നത് മുഴുവനും പറഞ്ഞു. അപ്പുറത്ത് നിന്നൊക്കെ ഇറച്ചി വേവുന്ന മണം വരുന്നു .പിറ്റേന്ന് അടുത്ത് താമസിക്കുന്ന അമ്മായി (വാപ്പയുടെ പെങ്ങള്‍ )വീട്ടില്‍ വന്നപ്പോ ഞങ്ങള്‍ കപ്പ പുഴുങ്ങിയത് കാന്താരി മുളകും കൂട്ടി അടിക്കുന്നതാണ് കണ്ടത്. അമ്മായി ഞങ്ങളെ എഴുന്നേല്‍പ്പിച്ച് വാപ്പയെ ശകാരിച്ച് അവരുടെ വീട്ടില്‍ കൊണ്ടു പോയി പുട്ടും ഇറച്ചി കറിയും തന്നു .

വാപ്പയുടെ മരണത്തിന് ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍്റെ വീട് പണിക്ക് സാധനങ്ങളെടുക്കാന്‍  ഒരു സഹദേവന്‍ ചേട്ട​​​െൻറ സ്ഥാപനവുമായി ബന്ധ പെട്ടപ്പോള്‍ സന്ദര്‍ഭവശാല്‍ വീട്ടുപേര് പറയേണ്ടി വന്നു. അയാള്‍ ചോദിച്ചു ‘അന്തു പുള്ളയുടെ ആരായിട്ടു വരും?’. ‘ മകന്‍’. അയാള്‍ എന്നെ കെട്ടി പിടിച്ചു എന്നിട്ടു പറഞ്ഞു തന്‍െറ വാപ്പയില്ലായിരുന്നെങ്കില്‍ എ​​െൻറ രണ്ടാമത്തെ മകന്‍ ഇപ്പോ ജീവിച്ചിരിക്കില്ലായിരുന്നു. ‘‘അന്ന് കടുത്ത പനിയും ജ്വരവും വന്ന് എന്‍െറ മകന്‍ കിടക്കുമ്പോള്‍ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ കാശുള്ള പലരോടും ഞാന്‍ ചോദിച്ചു .ആരും തന്നില്ല. തന്‍െറ  വാപ്പയുടെ കയ്യില്‍ പൈസ ഉണ്ടാകില്ലെന്ന് അറിയാവുന്നതു കൊണ്ടു ചോദിച്ചില്ല. പക്ഷെ എ​​െൻറ വെപ്രാളം കണ്ട് കയ്യിലുണ്ടായിരുന്ന എഴുപത്തി അഞ്ചു രൂപ എന്‍്റെ പോക്കറ്റില്‍ ഇട്ടു തന്നു. എനിക്കറിയാമായിരുന്നു നിങ്ങള്‍ക്ക് പെരുന്നാൾ കൂടാനുള്ള കാശായിരുന്നു അതെന്ന്’’.  
എന്‍െറ കണ്ണുനിറഞ്ഞു. ആ പെരുന്നാൾ തലേന്ന്​ നടന്നത്​ ഉമ്മയോടും പറഞ്ഞു. അന്ന് രാത്രി വൈകുവോളം കലങ്ങിയ കണ്ണുമായി ഉമ്മ വാപ്പക്ക്​ വേണ്ടി പ്രാര്‍ത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newseidmalayalam newsPerunnal ormmakalSpecial story
News Summary - Eid Special story- Eid memories - Kerala news
Next Story