പരിസ്ഥിതിലോല പ്രദേശം: രാഷ്ട്രപതിക്ക് ചെന്നിത്തല നിവേദനം നല്‍കി
text_fieldsതിരുവനന്തപുരം: പരിസ്ഥിതിലോല പ്രദേശം സംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച കരട് വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ അന്തിമ വിജ്ഞാപനവും പുറപ്പെടുവിക്കണണെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം നല്‍കി. നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടന്ന ജനാധിപത്യത്തിന്‍റെ ഉത്സവം എന്ന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് രാഷ്ട്രപതിക്ക് പ്രതിപക്ഷ നേതാവ് നിവേദനം നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27ന് പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിന്‍റെ കാലാവധി ഈ മാസം 26ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ നിവേദനം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിലെ 123 വില്ലേജുകളെ പരിസ്ഥിത ലോലപ്രദേശങ്ങളായി കണ്ടെത്തിയിട്ടുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്‍റെ അഭ്യർഥന അനുസരിച്ച് കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍, വാസസ്ഥലങ്ങള്‍ എന്നിവയെ ഇതിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. പക്ഷേ ഒരേ വില്ലേജില്‍ പരിസ്ഥിതി ലോല പ്രദേശവും അല്ലാത്ത പ്രദേശവും ഉള്‍ക്കൊള്ളുന്നതിനെ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ഇപ്പോള്‍ എതിര്‍ക്കുകയാണ്.
പരിസ്ഥിതി ലോല പ്രദേശമാണോ എന്ന് നിര്‍ണ്ണയിക്കുന്നതിന് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഒരു വില്ലേജിനെ ഒരൊറ്റ യൂണിറ്റായി കണക്കാക്കുന്നു എന്നതാണ് ഇതിന് കാരണമായി പറയുന്നത്. പക്ഷേ ഈ 123 വില്ലേജുകളിലും തോട്ടങ്ങളും കൃഷിയിടങ്ങളും വാസസ്ഥലങ്ങളും ഉള്‍പ്പെടുന്നതിനാല്‍ കേരളത്തിന് ഈ മാനദണ്ഡം പ്രായോഗികമല്ല. മാത്രമല്ല കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ജനസംഖ്യ ചതുരശ്ര കിലോമീറ്ററിന് നൂറു കഴിയുകയാണെങ്കില്‍ അവയെ ഇ.എസ്.എയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കേരളത്തിലെ ഈ 123 വില്ലേജുകളിലും ജനസംഖ്യ ഈ തോതിലും കൂടുതലുമാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന് അനുസൃതവുമല്ല. അതിനാല്‍ കരട് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ അന്തിമ വിജ്ഞാപനവും പുറപ്പെടുവിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
