നെയ്യാർ സഫാരി പാർക്കിലെ കൂട്ടിൽ നിന്ന് രക്ഷപ്പെട്ട കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു
text_fieldsRepresentative Image
തിരുവനന്തപുരം: വയനാട്ടിൽനിന്ന് കഴിഞ്ഞദിവസം എത്തിച്ച് നെയ്യാർഡാം സിംഹസഫാരി പാർക്കിൽ പാർപ്പിച്ചിരുന്ന കടുവ കൂടുതകർത്ത് പുറത്തുചാടി. ശനിയാഴ്ച ഉച്ചയോടെ രക്ഷപ്പെട്ട കടുവയെ പിടികൂടാൻ രാത്രി വൈകിയും ശ്രമം തുടരുകയാണ്.
ഡാമിന് നടുവിലുള്ള ദ്വീപിൽ കൂറ്റൻ ഇരുമ്പുവേലികൾ സംരക്ഷിക്കുന്ന സഫാരി പാർക്കിന് ഉള്ളിൽതന്നെ കടുവയുണ്ടെന്നാണ് വനപാലകർ പറയുന്നത്. കടുവ ഡാമിലേക്ക് ചാടിയതായി രാത്രിയോടെ അഭ്യൂഹം പരന്നെങ്കിലും വനപാലകർ നിഷേധിച്ചു. കടുവ പുറത്തിറങ്ങിയ വാര്‍ത്ത പരന്നതോടെ നാടെങ്ങും പരിഭ്രാന്തിയിലായി.
നെയ്യാർഡാം മരക്കുന്നത്ത് ദ്വീപുപോലുള്ള സ്ഥലത്താണ് പാർക്ക്. അതിനാല്‍ ജനവാസകേന്ദ്രത്തിൽ കടുവ എത്തില്ലെന്നും പരിഭ്രാന്തി വേണ്ടെന്നും വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ഉച്ചയോടെ കൂട്ടിൽനിന്ന് രക്ഷപ്പെട്ട കടുവയെ കണ്ടെത്താൻ കാമറ ഘടിപ്പിച്ച ഡ്രോൺ ഉപയോഗിച്ചും തെരച്ചിൽ നടത്തി. വൈകീട്ടോടെ സഫാരി പാർക്കിെൻറ പ്രവേശനകവാടത്തിന് സമീപമുള്ള പാറക്കരികിലായി കടുവയെ കണ്ടെത്തി. മയക്കുവെടി വെക്കാനുള്ള ശ്രമങ്ങള്‍ക്കിടെ സമീപത്തെ കുറ്റിക്കാട്ടിൽ മറഞ്ഞ കടുവയെ സന്ധ്യയായിട്ടും കണ്ടെത്താനായില്ല.
ആളനക്കം ഉണ്ടാകുമ്പോൾ പൊന്തക്കാടുകൾ നിറഞ്ഞ ഇടങ്ങളിലേക്ക് കടുവ നീങ്ങുന്നതാണ് അധികൃതരെ വലയ്ക്കുന്നത്. രാത്രിയോടെ കൂടിനുള്ളിൽ ആടിനെ കെട്ടി കടുവയെ കെണിയിൽപെടുത്താനാണ് വനപാലകര്‍ ശ്രമിക്കുന്നത്.
സിംഹ സഫാരി പാര്‍ക്കിെൻറ സംരക്ഷണത്തിന് 20 അടിയോളം പൊക്കത്തിലാണ് ഇരുമ്പ് വേലിയുള്ളത്. രാത്രി കടുവയെ നിരീക്ഷിക്കാനായി ഈ വേലിയിൽ വൈദ്യുതി വിളക്കുകളും സ്ഥാപിക്കുന്നുണ്ട്.
ആടിനെ ഉപയോഗിച്ചുള്ള കെണിയിൽ രാത്രി കടുവ കുടുങ്ങിയില്ലെങ്കിൽ ഞായറാഴ്ച രാവിലെ തെരച്ചിൽ വീണ്ടും ആരംഭിക്കാനും കണ്ടെത്തിയാൽ മയക്കുവെടി വെക്കാനുമാണ് തീരുമാനമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡെൻറ ടെക്നിക്കൽ അസിസ്റ്റൻറ് അഞ്ജൻ കുമാർ പറഞ്ഞു.
വയനാട് പുൽപ്പള്ളിയിൽ നാട്ടിലിറങ്ങി ആക്രമണകാരിയായി മാറി വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങിയ ഒമ്പത് വയസ്സുള്ള പെൺ കടുവയെ ചൊവ്വാഴ്ചയാണ് നെയ്യാർഡാമിൽ എത്തിച്ചത്.