ഈറ്റക്കൽ കോശി @ 81; പട്ടം പാറിക്കാൻ തയാർ
text_fieldsമുണ്ടക്കയം ഈസ്റ്റ്: വോട്ടർമാരുടെ മനസ്സിലേക്ക് പട്ടം പറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇ.എ. കോശി. ഒരുപക്ഷേ, സംസ്ഥാനത്തെതന്നെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർഥിയാണ് ഈ 81കാരൻ. ഇടുക്കി ജില്ലയുടെ കവാട പഞ്ചായത്തായ കൊക്കയാർ നാരകംപുഴ ഈറ്റക്കല്‍ ഇ.എ. കോശിയാണ് 81ാം വയസ്സിലും ചുറുചുറുക്കോടെ നാലാം അങ്കത്തിന് ഗോദയിലിറങ്ങിയത്.
ഇക്കുറി പഞ്ചായത്തിലെ പട്ടികവര്‍ഗ മണ്ഡലമായ മേലോരത്താണ് പാര്‍ട്ടി ചിഹ്നമായ പട്ടത്തില്‍ നാഷനല്‍ ജനതാദള്‍ സ്ഥാനാർഥിയായി മത്സരിക്കുന്നത്. യു.ഡി.എഫിെൻറ ഘടക കക്ഷിയാണെന്നാണ് വെപ്പെങ്കിലും പ്രാദേശിക നേതൃത്വം അംഗീകരിക്കാത്തതിനാല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിക്കെതിരെ യു.ഡി.എഫായി തന്നെയാണ് മത്സരം. റിട്ട. അധ്യാപകനായ കോശി മുന്‍ തെരഞ്ഞെടുപ്പുകളില്‍ മേലോരത്തുതന്നെ രണ്ടു തവണയും വടക്കേമല വാര്‍ഡില്‍ ഒരു തവണയും മത്സരിച്ചിട്ടുണ്ട്.
മുഴുവന്‍ വീടുകളിലും കയറിയിറങ്ങിയുള്ള പ്രചാരണമാണ് നടത്തുക. ലഭിക്കുന്ന വോട്ടിെൻറ എണ്ണമൊന്നും കോശി സാറിന് പ്രശ്നമല്ല. ഏറെ കുടുംബബന്ധമുള്ള പ്രദേശമാണ് മേലോരം വാര്‍ഡെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം മറ്റൊരു പ്രത്യേകതയുമുണ്ട്. സഹോദരന് ജോണ്‍ ഈ വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാർഥിയാണ്. ഇടതു സ്ഥാനാർഥി കോശി മത്തായി പിതൃസഹോദര പുത്രനും.
കൊക്കയാര്‍ സഹകരണ ബാങ്കിെൻറ ആദ്യകാല പ്രസിഡൻറാണ് കോശി. ഭാര്യയും റിട്ട.അധ്യാപികയുമായ അന്നമ്മ 1989ല്‍ ഇടതു സ്ഥാനാർഥിയായിരുന്നു. പട്ടം ഇക്കുറി പാറിക്കും -കോശി ഉറപ്പോടെ പറയുന്നു.