‘പലചരക്ക് സാധനങ്ങൾ കടം വാങ്ങേണ്ടി വരുന്നത് സാധാരണമാണ്’; സ്കൂളുകളിൽ ഫ്രൈഡ് റൈസ് കൊടുത്തേ മതിയാവൂ എന്ന് മന്ത്രി ശിവൻകുട്ടി
text_fieldsകോഴിക്കോട്: സ്കൂളുകളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് ഫ്രൈഡ് റൈസ് കൊടുത്തേ മതിയാവൂ എന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. അതിന്റെ പേരിൽ പ്രധാനാധ്യാപകർ കടക്കാരാകില്ല. പലചരക്ക് കടകളിൽ നിന്ന് ചിലപ്പോൾ സാധനങ്ങൾ കടം വാങ്ങേണ്ടി വരും. അതൊക്കെ സാധാരണമാണെന്നും മന്ത്രി പറഞ്ഞു.
പ്രാദേശിക തലത്തിൽ ഇതിന് പരിഹാരം കാണണം. ഇതൊക്കെ പ്രധാനാധ്യാപകരുടെ ജോലിയാണ്. അതിനൊക്കെയാണ് അവർക്ക് ശമ്പളം നൽകുന്നത്. ഈ വർഷം തന്നെ സ്കൂളുകളിൽ ഉച്ചഭക്ഷണമായി കുട്ടികൾക്ക് ഫ്രൈഡ് റൈസ് നൽകുന്ന പദ്ധതി നടപ്പാക്കും. പ്രധാനാധ്യാപകർക്ക് ഇതിന് പണം കൈയിൽ നിന്നെടുക്കേണ്ടി വരില്ല.
കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുത്തതിന്റെ പേരിൽ ഒരധ്യാപകനും ദരിദ്രരായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് സ്കൂളുകളിലെ ഉച്ചഭക്ഷണം ഏകീകരിച്ച് കേരള സർക്കാർ കഴിഞ്ഞ ദിവസമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇലക്കറിയിൽ പയർ, പരിപ്പ് വർഗങ്ങൾ ചേർത്ത് പാകം ചെയ്യണം. ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരി കൊണ്ട് വെജിറ്റബിൾ ഫ്രൈഡ് റൈസ്, വെജിറ്റബിൾ ബിരിയാണി എന്നിവ ഒരുക്കണം.
ഇതിനൊപ്പം കൂട്ടുകറി, കുറുമ പോലുള്ള വെജിറ്റബിൾ കറികൾ നൽകണം. പച്ചക്കറിക്ക് ബദലായി മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മൈക്രോഗ്രീൻസ് ഭക്ഷണ മെനുവിൽ ഉൾപ്പെടുത്തണം. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയാറാക്കുന്ന ചമ്മന്തി കൊടുക്കുന്ന കാര്യവും പരിഗണിച്ചിട്ടുണ്ട്. ഇവ വെജ് റൈസ്, ബിരിയാണി, ലെമൺ റൈസ് എന്നിവയുടെ കൂടെ തൊടുകറിയായി വിളമ്പാം.
ചെറുധാന്യങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് കുട്ടികൾക്ക് റാഗി ഉപയോഗിച്ച് റാഗി ബാൾസ്, ശർക്കരയും തേങ്ങയും ചേർത്ത റാഗി കൊഴുക്കട്ട, ഇലയട, അവിൽ വിളയിച്ചത്, പാൽ ഉപയോഗിച്ച് കാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നിങ്ങനെ വ്യത്യസ്ത വിഭവങ്ങളും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയാറാക്കിയ റിപ്പോർട്ട് പ്രകാരാണ് മെനു പരിഷ്കരണം. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സ്കൂളുകളിൽ കുട്ടികൾ ഇനി ഒരു പോലത്തെ ഭക്ഷണം കഴിക്കുമെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

