ജയിലുകളും ഇനി അക്ഷരവെളിച്ചത്തിലേക്ക്
text_fieldsതിരുവനന്തപുരം: ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക് ഇനി ജയിൽ അന്തേവാസികൾക്കും പ്രവേശനം. നിരക്ഷരരില്ലാത്ത ജയിലിനായി സംസ്ഥാന സാക്ഷരത മിഷെൻറ ‘ജയിൽ ജ്യോതി’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജയിലുകളിലായി ഞായറാഴ്ച 60 പേർ നാലാംതരം തുല്യത പരീക്ഷയെഴുതി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയത്-41 പേർ. ഇവിടെ പൂജപ്പുര സെൻട്രൽ ജയിലിൽ 23 പേരും നെട്ടുകാൽത്തേരി തുറന്ന ജയിലിൽ 18 പേരും പരീക്ഷയെഴുതി. പൂജപ്പുര സെൻട്രൽ ജയിലിൽ സൂപ്രണ്ട് എസ്. സന്തോഷ് ചോദ്യപേപ്പർ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട സ്വദേശി രാമചന്ദ്രനാണ് (77) പൂജപ്പുര സെൻട്രൽ ജയിലിൽ പരീക്ഷയെഴുതിയവരിൽ പ്രായംകൂടിയ പഠിതാവ്.
പ്രായം കുറഞ്ഞത് തമിഴ്നാട് സ്വദേശിയായ ലങ്കേശ്വരനാണ് (24). സംസ്ഥാനത്ത് മറ്റുജയിലുകളിൽ പരീക്ഷയെഴുതിയവരുടെ വിവരം ഇപ്രകാരമാണ്: കണ്ണൂർ സെൻട്രൽ ജയിൽ- 12, കോഴിക്കോട് സബ് ജയിൽ- അഞ്ച്, കാസർകോട് ചീമേനി തുറന്ന ജയിൽ- രണ്ട്. മലയാളം, നമ്മളും നമുക്കുചുറ്റും, ഗണിതം എന്നീ വിഷയങ്ങളിൽ എഴുത്തുപരീക്ഷയും ഇംഗ്ലീഷിന് വാചാപരീക്ഷയുമാണ് നടത്തിയത്. നേരത്തേ ജയിലുകളിൽ നടത്തിയ സാക്ഷരത പരീക്ഷകളിൽ വിജയിച്ചവരാണ് നാലാംതരം തുല്യത പരീക്ഷയെഴുതിയത്. സംസ്ഥാന സാക്ഷരത മിഷനും ജയിൽ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ 56 ജയിലുകളിലായി മൊത്തം 7500 തടവുകാരുണ്ട്.
പൂജപ്പുര സെൻട്രൽ ജയിലിൽ മാത്രം 209 പേർ നിരക്ഷരരാണ്. ഞായറാഴ്ചത്തെ കണക്കുപ്രകാരം ഇവിടത്തെ മൊത്തം അന്തേവാസികളുടെ എണ്ണം 1317 പേരാണ്. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ പുതിയ കണക്ക് പ്രകാരം മൊത്തം 367 അന്തേവാസികളുണ്ട്. പൂജപ്പുര സെൻട്രൽ ജയിലിൽ നാലാംതരം തുല്യതയുമായി ബന്ധപ്പെട്ട് 10 ഇൻസ്ട്രക്ടർമാരെയാണ് പ്രത്യേക പരിശീലനം നൽകി നിയോഗിച്ചത്. ഇവരിൽ മുഴുവൻ പേരും അഭ്യസ്തവിദ്യരായ ഇവിടത്തെ തന്നെ അന്തേവാസികളാണ്. നെട്ടുകാൽത്തേരി തുറന്ന ജയിലിലെ അന്തേവാസി പീറ്ററും ഇതിൽപെടും. ഇവർക്ക് നിർദേശങ്ങൾ നൽകാൻ സാക്ഷരത മിഷെൻറ േപ്രരക്മാരുമുണ്ടായിരുന്നു. ജയിൽ ചട്ടങ്ങളിൽ കേരള പ്രിസൺസ് ആൻഡ് കറക്ഷനൽ സർവിസസ് ചട്ടം 258(7) പ്രകാരം നിരക്ഷരരായ എല്ലാ അന്തേവാസികളെയും എഴുതാനും വായിക്കാനും പഠിപ്പിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. അപ്രകാരമാണ് സംസ്ഥാനത്തെ 56 ജയിലുകളിലും പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
