എജ്യുക്കേഷൻ കൺസൾട്ടൻസി നിയന്ത്രണം: നിയമനിർമാണം ഉടൻ
text_fieldsലോക കേരളസഭയുടെ പ്രതിനിധി സമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും നോർക്ക വൈസ് ചെയർമാൻ എം.എ.യൂസഫലിയും ഹസ്തദാനം ചെയ്യുന്നു. സ്പീക്കർ എ.എൻ ഷംസീർ സമീപം
തിരുവനന്തപുരം: എജ്യുക്കേഷൻ കൺസൾട്ടൻസികളെ നിയന്ത്രിക്കാനുള്ള ബിൽ വേണമെന്ന നാലാം ലോക കേരള സഭയുടെ ആവശ്യം മുൻനിർത്തിയുള്ള നിയമനിർമാണം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചാം ലോക കേരള സഭയുടെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സമ്മേളനത്തിൽ പ്രതിനിധികൾ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിൽ പത്തെണ്ണം നടപ്പാക്കി. 13 എണ്ണം നടപ്പാക്കുന്നു.
അഞ്ചെണ്ണം വിദേശകാര്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി. പ്രവാസി മിഷൻ സ്ഥാപിച്ചു. മറ്റൊന്ന് നോർക്ക കെയർ എന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ്. ഇത് ലോകമെങ്ങുമുള്ള പ്രവാസികൾക്ക് ബാധകമാകുന്ന ഒന്നാണ്. വിദേശ റിക്രൂട്ട്മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നോർക്ക പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നുണ്ട്. നിലവിലെ എൻ.ആർ.ഐ പൊലീസ് സ്റ്റേഷനുപരിയായി നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനമാണിത്.
വിദേശ രാജ്യങ്ങളിൽ ഹെൽപ് ഡെസ്ക്കുകൾ സ്ഥാപിച്ചു. കേരള സമൂഹത്തേയും സംസ്കാരത്തേയും സൃഷ്ടിക്കുന്നതിലും പുനഃസൃഷ്ടിക്കുന്നതിലും കേരളത്തിനകത്തുള്ളവർക്ക് എന്നപോലെ പുറത്തുള്ളവർക്കും വലിയ പങ്കുണ്ട്. അതുകൊണ്ട് കേരളത്തെ ലോക കേരളമായി പുനർവിഭാവനം ചെയ്യേണ്ടതുണ്ട്. അകം കേരളവും പുറം കേരളവും തമ്മിലുള്ള ഒത്തൊരുമ വളർത്താൻ നിരവധി മാർഗമുണ്ട്. അവയുടെയെല്ലാം കേന്ദ്ര സ്ഥാനത്താണ് ലോക കേരള സഭ. ലോക കേരള സഭയോടുള്ള എതിർപ്പിലും ഇപ്പോൾ അയവുണ്ടായി.
ചൈനയുടെ അത്ഭുത വളർച്ചയിൽ ചൈനീസ് പ്രവാസിസമൂഹം വലിയ പങ്ക് വഹിച്ചു. അവിടെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളെ ഉത്തേജിപ്പിച്ച ‘ചുൺഹൂയ്’ പദ്ധതിക്ക് സമാനമായ നിർദേശങ്ങൾ ഇവിടെ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, എയർപോർട്ട് ഹെൽപ് ഡസ്ക്, ഷെർപ്പ പോർട്ടൽ, ലോക കേരളം ഓൺലൈൻ പോർട്ടൽ സേവനങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
ഇൻഫർമേഷൻ ആൻറ് പബ്ലിക് റിലേഷൻസ് വകുപ്പ് തയാറാക്കിയ ‘കോഫി ടേബിൾ’ ബുക്ക് മുഖ്യമന്ത്രി, യു.എൻ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടിക്ക് നൽകി പ്രകാശനം ചെയ്തു. സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, ചീഫ് സെക്രട്ടറി എ. ജയതിലക്, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം.എ. യൂസഫലി, വ്യവസായ പ്രമുഖൻ രവി പിള്ള, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

