പിണറായിയിൽനിന്ന് ഇ.ഡി റിയാസിലേക്ക് നീങ്ങുമോ?
text_fieldsന്യൂഡൽഹി: മാസപ്പടിക്കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെ രീതിയെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി ബെഞ്ച് തന്നെ ഹവാല ഇടപാടുകൾ നടത്തുന്നവരെയും മുൻ മുഖ്യമന്ത്രിമാരെയും ഒക്കെ അന്വേഷണവിധേയമാക്കാൻ ഇ.ഡിക്ക് പൂർണ അധികാരമുണ്ടെന്ന് വ്യക്തമാക്കിയതോടെ മാസപ്പടിക്കേസിൽ നിന്ന് ഹവാല കേസിലേക്ക് ഇ.ഡി കേന്ദ്രീകരിക്കുമോ എന്ന ചോദ്യമാണ് നിയമവൃത്തങ്ങളിൽ നിന്നുയരുന്നത്. ഏതാനും കോൺഗ്രസ്, ലീഗ്, ബി.ജെ.പി നേതാക്കളുടെ പേരുകൾ കൂടി പറഞ്ഞുകേൾക്കുന്ന മാസപ്പടി കേസിൽ അന്വേഷണത്തിന് തൽക്കാലത്തേക്ക് തടയിട്ടത് സി.പി.എമ്മിനുപുറമെ മൂന്ന് പാർട്ടികൾക്കും ആശ്വാസമായി മാറുമ്പോൾ സുപ്രീംകോടതി ഹവാല ഇടപാടുകൾ അന്വേഷിക്കാൻ പച്ചക്കൊടി കാണിച്ചെന്ന നിലക്ക് പി.എ.മുഹമ്മദ് റിയാസിനെതിരായ നീക്കവുമായി ഇ.ഡി മുന്നോട്ടുപോകുമോ എന്നാണറിയേണ്ടത്. ഹൈകോടതിയിലെ ഹരജിക്കാരനായ ഷാജഹാന്റെ ഒത്തുകളി ആരോപണം വരുന്നത് ഇത്തരമൊരു പശ്ചാത്തലത്തിൽ കൂടിയാണ്.
മാസപ്പടിക്കേസിലെ ആരോപണങ്ങൾ അന്വേഷിക്കാൻ ഇ.ഡിക്ക് പൂർണ അധികാരമുണ്ടെങ്കിലും അതിനുശേഷം സംസ്ഥാന പൊലീസ് ഇക്കാര്യത്തിൽ എന്ത് ചെയ്യണമെന്ന് ഇ.ഡിക്ക് നിർദേശിക്കാനാവില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. അഴിമതി നിരോധന നിയമപ്രകാരം ഒരു കുറ്റകൃത്യത്തെക്കുറിച്ച് സംസ്ഥാന സർക്കാറിനെ അറിയിക്കുന്നതോടെ ഇ.ഡിയുടെ ഉത്തരവാദിത്തം തീർന്നു. അത് കഴിഞ്ഞാൽ നിയമപ്രകാരം നടപടിയെടുക്കേണ്ടത് സംസ്ഥാനമാണെന്നും അക്കാര്യം ഇ.ഡിയുടെ അധികാര പരിധിക്കപ്പുറത്താണെന്നും അവധിക്കാല ബെഞ്ച് ഓർമിപ്പിച്ചു.
ഇ.ഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്ത് അന്വേഷണം നടത്താൻ കേരള പൊലീസ് ബാധ്യസ്ഥമാണോ എന്നത് പ്രത്യേകം പരിശോധിക്കണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. സിംഗിൾ ബെഞ്ച് ഉത്തരവിൽ തന്നെ ഇതുസംബന്ധിച്ച് വൈരുധ്യമാർന്ന നിരീക്ഷണങ്ങളാണുള്ളതെന്ന് കോടതി തുടർന്നു.
കേസിൽ കുറ്റാരോപിതരായ പിണറായിക്കും മകൾക്കും മരുമകനും തങ്ങളുടെ ഭാഗം പറയാൻ അവസരം നൽകാത്ത തരത്തിൽ ഈ ഉത്തരവ് പുറപ്പെടുവിക്കേണ്ട അടിയന്തര സാഹചര്യം എന്തായിരുന്നുവെന്ന് ജസ്റ്റിസ് മോഹന ചോദിച്ചു. അഴിമതി നിരോധന നിയമത്തിലെ 17-എ വകുപ്പ് പ്രകാരം മുൻ മുഖ്യമന്ത്രിക്കെതിരെ മുൻകൂർ അനുമതിയില്ലാതെ എങ്ങനെയാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുകയെന്ന് ജസ്റ്റിസ് ബാഗ്ചിയും ചോദിച്ചു. എന്നാൽ, കോടതി നിർദേശിച്ചാൽ പിന്നെ മുൻകൂർ അനുമതി വേണ്ടെന്നായിരുന്നു ഇ.ഡി അഭിഭാഷകന്റെ മറുപടി. സുപ്രീംകോടതിയുടെ വിധിയും തന്റെ വാദത്തിന് ബലമായി അഭിഭാഷകൻ കാണിച്ചു. എന്നാൽ, ഈ കേസ് കോടതിവിധി കൊണ്ടുണ്ടായ കേസല്ലെന്നും ഇ.ഡി നൽകിയ വിവരം ആധാരമാക്കിയുള്ളതാണെന്നും ജസ്റ്റിസ് ബാഗ്ചി ഇതിനെയും ഖണ്ഡിച്ചു. അഴിമതി നിരോധന നിയമപ്രകാരമുള്ള കാര്യങ്ങൾ ഉണ്ടോ എന്നത് സംസ്ഥാനത്തെ അന്വേഷണ ഏജൻസിയാണ് പരിശോധിക്കേണ്ടതെന്ന് അദ്ദേഹം പ്രതികരിച്ചു.

