Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതം; ഈ കേസിൽ കോൺഗ്രസ് എന്ത് സമീപനം സ്വീകരിക്കുമെന്ന് കേരളം ഉറ്റുനോക്കുകയാണെന്നും എം.വി ഗോവിന്ദൻ

text_fields
bookmark_border
MV Govindan
cancel
camera_alt

എം.വി. ഗോവിന്ദൻ 

തിരുവനന്തപുരം: പിണറായി വിജയനെതിരെയുള്ള പുതിയ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമെന്ന ലൈനിൽ പ്രതിരോധം തീർക്കാൻ സി.പി.എം. രാഷ്ട്രീയ ഉന്നം വെച്ചുള്ള ബോധപൂർവമായ ഇടപെടലാണ് ഇ.ഡിയുടേതെന്നും അതിനെ രാഷ്ട്രീയമായി നേരിടുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

തട്ടിക്കൂട്ടിയുണ്ടാക്കിയ ഒരു മൊഴിക്കപ്പുറം യാതൊരു രേഖയും ഇ.ഡിയുടെ കൈവശമില്ല. ഭരണമാറ്റത്തിന്‍റെ പശ്ചാത്തലത്തിൽ, രാഷ്ട്രീയപകപോക്കലിന് യു.ഡി.എഫ് സർക്കാർ തയാറാകുമെന്ന നിഗമനത്തിലാണ് കോടതി തള്ളിക്കളഞ്ഞ കേസ് വീണ്ടും ഇ.ഡി ഉന്നയിക്കുകയാണ്. കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്നുവെന്ന നിലപാട് ദേശീയ തലത്തിൽ സ്വീകരിക്കുന്ന കോൺഗ്രസ്, ഈ കേസിൽ എന്ത് സമീപനം സ്വീകരിക്കുമെന്ന് കേരളം ഉറ്റുനോക്കുകയാണ്. സി.എം.ആർ.എല്ലിന് എന്തെങ്കിലും വഴിവിട്ട കാര്യങ്ങൾ മുഖ്യമന്ത്രിയായിരിക്കെ പിണറായി ചെയ്തു കൊടുത്തിട്ടുണ്ടെങ്കിൽ അതിന്‍റെ രേഖകൾ കാണിക്കട്ടെ.

സി.എം.ആർ.എൽ റെയിഡിന്‍റെ ഭാഗമായി 182 കോടി രൂപ വിവിധയാളുകൾക്ക് നൽകി എന്ന് തെളിയിക്കുന്ന ഡയറി ലഭിച്ചുവെന്നാണ് ഇ.ഡി വാദം. എന്നാൽ മറ്റുള്ളവരെയെല്ലാം മാറ്റി നിർത്തി ടി. വീണയുടെ കാര്യം മാത്രമെടുത്ത് പ്രത്യേകമായ കേസ് കെട്ടിച്ചമച്ചതിന് പിന്നിലും രാഷ്ട്രീയമുണ്ട്. എന്തുകൊണ്ടാണ് മറ്റുള്ളവർക്കെതിരെ നടപടി സ്വീകരിക്കാത്തത്. ഇത്തരത്തിൽ സംഭാവന നൽകിയതിന്‍റെ പേരിൽ ഓഹരി ഉടമകൾക്ക് നഷ്ടം സംഭവിച്ചു എന്നാണ് ആരോപണത്തിന്റെ ചുരുക്കം. അങ്ങനെയെങ്കിൽ 182 കോടിയുടെ നഷ്ടത്തിന് കാരണക്കാരായ മറ്റുള്ളവർക്കെതിരെ എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ല. ഇതേ ഡയറിയിൽ പേരുള്ള ആഭ്യന്തരവകുപ്പ് മന്ത്രിയുടെ വകുപ്പിനാണ് ഇപ്പോൾ ഇ.ഡി കേസെടുക്കാൻ കത്ത് നൽകിയതെന്നതും മറ്റൊരു വിരോധാഭാസം.

സി.എം.ആർ.എൽ ടി. വീണയുടെ കമ്പനിയായ എക്സാലോജിക്കിന് പണം നൽകിയത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല. ഇപ്പോൾ ഇ.ഡി ഉന്നയിക്കുന്ന വിഷയം നേരത്തെ തന്നെ ജുഡീഷ്യറിയുടെ പരിശോധനക്ക് വിധേയമായതാണ്. സുപ്രീംകോടതിയിൽ ഈ കേസ് വന്നുവെങ്കിലും ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബെഞ്ച് തള്ളിക്കളഞ്ഞിരുന്നു. വിജിലൻസ് കോടതിയിലും ഹൈകോടതിയിലും സുപ്രീംകോടതിയിലുമൊന്നും ഒരു തെളിവും നൽകിയിട്ടുമില്ല. എസ്.എഫ്.ഐ.ഒ അന്വേഷണ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്.

എന്നാൽ എസ്.എഫ്.ഐ.ഒ റിപ്പോർട്ട് തന്നെ നിയമപ്രകാരം നിലനിൽക്കുന്നതല്ല. കേസിൽ ഡൽഹി ഹൈകോടതിയിൽ വിചാരണ നടക്കുകയാണ്. ഈ കേസ് കോടതി തള്ളുമെന്ന തിരിച്ചറിവിലാണ് ഇ.ഡിയുടെ പുതിയ നീക്കമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story