സന്തോഷക്കണ്ണീരിൽ ഉരുകിയൊലിച്ചു, ആ നാളുകളിലെ ദുരിതക്കടൽ
text_fieldsഎഡ്ന റോസ് ജോഷിയും മാതാപിതാക്കളും
തൃശൂർ: തീ തിന്ന നാളുകളിലെ സങ്കടമെല്ലാം ആ കൂടിക്കാഴ്ചയിൽ ഉരുകിയൊലിച്ചുപോയി. യുദ്ധമുഖത്തുനിന്ന് തിരിച്ചെത്തിയ പൊന്നുമോളെ വാരിപ്പുണർന്ന് ആ അച്ഛനമ്മമാർ സങ്കടം തീർത്തു. പിന്നെ ദൈവത്തിന് നന്ദി പറഞ്ഞു. യുക്രെയ്നിലെ വിന്നിസ്റ്റിയയിൽനിന്ന് ഹംഗറി വഴി ജന്മനാട്ടിലെത്തിയ പിറഗോവ നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിനി എഡ്ന റോസ് ജോഷിയെ വരവേൽക്കാൻ പിതാവ് തൃശൂർ കുരിയച്ചിറ എടക്കളത്തൂർ ജോഷി ജോണും മാതാവ് ബൈജി ജോഷിയും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയിരുന്നു. ബുധനാഴ്ച പുലർച്ച 4.30നായിരുന്നു വിമാനം എത്തിയത്. ഹംഗറിയിൽനിന്ന് തിങ്കളാഴ്ചയായിരുന്നു എഡ്ന ഡൽഹിയിലെത്തിയത്. ഒരാഴ്ച നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ നാട്ടിലെത്തിയതിൽ അതിയായ സന്തോഷമെന്ന് എഡ്ന 'മാധ്യമ'ത്തോട് പറഞ്ഞു.
ഒരാഴ്ച മുമ്പാണ് യുദ്ധഭീഷണി വിന്നിസ്റ്റിയ യൂനിവേഴ്സിറ്റിയിൽ അറിഞ്ഞുതുടങ്ങിയത്. താമസിച്ചിരുന്ന അപ്പാർട്മെന്റിന് തൊട്ടടുത്ത് വെടിശബ്ദങ്ങളും അപായ സൈറണുകളും കേട്ടുതുടങ്ങി. മൂന്നുതവണ സൈറൺ മുഴങ്ങുമ്പോൾ ബങ്കറിൽ അഭയം തേടും. ഭക്ഷണ സാധനങ്ങളും വെള്ളവും നേരത്തേ വാങ്ങിവെച്ചിരുന്നു. 35 മലയാളി വിദ്യാർഥികളൊത്ത് നാട്ടിലെത്താനുള്ള മാർഗങ്ങൾ തേടുകയും ഒരിക്കൽ ട്രെയിൻ സൗകര്യമില്ലാതെ മടങ്ങുകയും ചെയ്തു. ഇതിനിടെ തൊട്ടടുത്ത വിന്നിസ്റ്റിയ എയർപോർട്ടിൽ ബോംബാക്രമണവും നടന്നു. ഒടുവിൽ രണ്ടും കൽപിച്ച് ഔദ്യോഗിക അനുമതികളോടെ ഹോസ്റ്റലിൽനിന്ന് പോളണ്ട് അതിർത്തിയായ ലിവീവിലും ഖോസ്റോവിലും തുടർന്ന് സ്ലോവാക്യൻ അതിർത്തിയിലുമെത്തി. നൂറുകണക്കിന് പേരാണ് അവിടെ ഉണ്ടായിരുന്നത്. അതിർത്തി തങ്ങൾക്കായി തുറന്നുകിട്ടില്ലെന്നറിഞ്ഞ് യുക്രെയ്നിന്റെ പടിഞ്ഞാറൻ അതിർത്തിയായ ചോപ്പ് റെയിൽവേ സ്റ്റേഷനിലെത്തി. അവിടെ 11 മണിക്കൂറിലേറെ കാത്തുനിൽക്കേണ്ടിവന്നു. കാത്തിരിപ്പിനിടെ നൈജീരിയൻ സ്വദേശികൾ ഇടക്ക് കയറിയതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ യുക്രെയ്ൻ പട്ടാളം തോക്കിന്മുനയിൽ നിർത്തിയാണ് ഓരോരുത്തരെ കടത്തിവിട്ടത്. പെൺകുട്ടികൾക്ക് പരിഗണന നൽകിയതിനാൽ മലയാളി സംഘത്തിലെ എഡ്നയടങ്ങുന്ന കുറച്ചുപേർക്ക് ഹംഗറിയിലേക്ക് ട്രെയിൻമാർഗം കടക്കാനായി. ഹംഗറി അതിർത്തി ഗ്രാമമായ സഹോണി കടന്നപ്പോഴാണ് ശ്വാസം നേരെ വീണത്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ട്രെയിനിറങ്ങിയതോടെ പൂർണ ഉത്തരവാദിത്തം ഇന്ത്യൻ എംബസി ഏറ്റെടുക്കുകയായിരുന്നു. യാതൊരു കുറവും അറിയിക്കാതെ അവർ നാട്ടിലെത്തിച്ചതായി എഡ്ന പറഞ്ഞു. വിശന്നപ്പോൾ സ്ലോവാക്യൻ അതിർത്തിയിൽ വെച്ച് യുക്രെയ്നികൾ ഭക്ഷണം നൽകിയത് ആശ്വാസമായി. സ്ലോവാക്യ, വിന്നിസ്റ്റിയ റെയിൽവേ സ്റ്റേഷനുകളിൽ മാരക തണുപ്പ് സഹിച്ച് കാത്തിരിക്കേണ്ടിവന്നത് മറക്കാനാവാത്ത അനുഭവമായി. യൂനിവേഴ്സിറ്റിയിൽനിന്ന് പിന്നീട് അറിയിപ്പുകളൊന്നും വന്നില്ല. ഏതായാലും യുദ്ധം തീരട്ടെ. ദുരിതം സഹിച്ച് അവിടെ കുടുങ്ങിയവർക്ക് ജന്മനാട്ടിലെത്താൻ വഴിയൊരുങ്ങട്ടെ എന്നും എഡ്ന പ്രത്യാശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

