തള്ളിപ്പറച്ചിലിന് വിരാമം; ഇടപ്പള്ളി സ്റ്റേഷൻ ആക്രമണത്തിന്റെ അവകാശം പേറാൻ ഇനി ഇരു കമ്യൂണിസ്റ്റ് പാർട്ടികളും
text_fieldsകൊച്ചി: സമരപങ്കാളികളുടെ കുടുംബക്കാരിൽ മാത്രം ഒതുങ്ങിപ്പോയ ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണ സമരചരിത്രത്തിന്റെ ഓർമകൾ ഇനി ഇരു കമ്യൂണിസ്റ്റ് പാർട്ടികളും പങ്കിടും. കൊൽക്കത്ത തീസിസിനെ തള്ളിപ്പറഞ്ഞതിന്റെ മറവിൽ പതിറ്റാണ്ടുകളോളം കമ്യൂണിസ്റ്റ് പാർട്ടികൾ മനഃപൂർവം മറന്ന ഇടപ്പള്ളി സമര പൈതൃകത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ സംഭവത്തിന്റെ 75ാം വർഷത്തിൽ സി.പി.എം, സി.പി.ഐ സംഘടനകൾ ഒരുങ്ങുന്നു. സമര സഖാക്കളിൽ അവസാനക്കാരനും മൺമറഞ്ഞപ്പോഴാണ് കമ്യൂണിസ്റ്റ് പാർട്ടികൾ ഔദ്യോഗികമായി ഇത്തരമൊരു ചടങ്ങിന് സംഘാടകരാവുന്നത്. സമരത്തിന് നേതൃത്വം നൽകിയ ഒരു നേതാവ് പോലും 75ാം വാർഷികാചരണ ചടങ്ങിൽ വേദിയിലിരിക്കാൻ ഉണ്ടാവില്ല.
1950 ഫെബ്രുവരി 28ന് അർധരാത്രിയായിരുന്നു കെ.സി. മാത്യുവിന്റെ നേതൃത്വത്തിൽ 17 കമ്യൂണിസ്റ്റ്-തൊഴിലാളി പ്രവർത്തകർ ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും തുടർന്ന് ആക്രമണവും നടത്തിയത്. പൊലീസ് അറസ്റ്റ് ചെയ്ത എൻ.കെ. മാധവനെയും വറുതുകുട്ടിയെയും മോചിപ്പിക്കാൻ നടത്തിയ സമരമാണ് ആക്രമണത്തിൽ കലാശിച്ചത്.
മാത്യു, വേലായുധൻ എന്നീ പൊലീസുകാർ കൊല്ലപ്പെട്ടതിന് പിന്നാലെ കെ.യു. ദാസ്, ജോസഫ് എന്നീ പ്രവർത്തകരെ പൊലീസ് മർദിച്ചുകൊന്നു. യാഥാർഥ്യം മറ്റൊന്നാണെങ്കിലും സ്വാതന്ത്ര്യത്തിനായുള്ള സായുധ പോരാട്ടം തുടരാനുള്ള 1948ലെ കൊൽക്കത്ത പാർട്ടി കോൺഗ്രസിന്റെ തീരുമാനത്തിന്റെ ഭാഗമെന്ന നിലയിലാണ് ഇടപ്പള്ളി സമരവും എണ്ണപ്പെട്ടത്. കൊൽക്കത്ത തീസിസ് പാർട്ടി തള്ളിപ്പറഞ്ഞതോടെ ഇടപ്പള്ളി സമരത്തിനും പാർട്ടി പട്ടികയിൽ ഔദ്യോഗിക സ്ഥാനമില്ലാതായി.
സമരനായകരുടെ കുടുംബങ്ങളും ചില പാർട്ടി പ്രവർത്തകരും ചേർന്ന് എറണാകുളത്ത് വിപുലമായ രീതിയിൽ 50ാം വാർഷികാനുസ്മരണം നടത്തിയെങ്കിലും സി.പി.എം ഉൾക്കൊണ്ടില്ല. പാർട്ടിക്ക് പുറത്തായിരുന്ന എൻ.കെ. മാധവൻ എന്ന ഇടപ്പള്ളി സമരസഖാവിനെ ചടങ്ങിൽ പുകഴ്ത്തിയതും കമ്യൂണിസ്റ്റ് ഐക്യത്തെക്കുറിച്ച് വേദിയിലുയർന്ന പരാമർശത്തിന് മറുപടി പറയാതിരുന്നതും സി.പി.എം നേതാവും ഇടപ്പള്ളി സമരസേനാനിയുമായിരുന്ന എം.എം. ലോറൻസിനെ തരംതാഴ്ത്താനുള്ള അവസരമായാണ് പാർട്ടി കണ്ടത്.
പിന്നീട് എഴുപതാം വർഷം സംഘടിപ്പിച്ച വാർഷികാചരണ പരിപാടിയിൽ ചില നേതാക്കൾ പങ്കെടുത്തെങ്കിലും ഔപചാരികമായി പാർട്ടികൾ ഏറ്റെടുത്തില്ല. എട്ടുവർഷത്തോളമായി എല്ലാ ഫെബ്രുവരി 28നും ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ പരിസരത്ത് ഒത്തുകൂടി സമര സഖാക്കളും കുടുംബങ്ങളും ഓർമ പുതുക്കാറുണ്ട്. ത്യാഗോജ്വലമായ തൊഴിലാളി സമരത്തിന്റെ വാർഷികാചരണ ചടങ്ങിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസുകാരുടെ മക്കളാണ് ഐക്യദാർഢ്യവുമായി എത്തുന്നതെന്നതാണ് കൗതുകകരം.
തൊഴിലാളി സമരമായിരുന്നിട്ടുകൂടി ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി സി.ഐ.ടി.യു ‘കേരള ചരിത്രം’ എന്ന പേരിൽ പുറത്തിറക്കിയ പുസ്തകം ഏറെ വിവാദമായിരുന്നു. സമരം നടന്ന തീയതിയും സമരത്തിൽ പങ്കെടുത്തവരുടെ പേരും അതുമായി ബന്ധപ്പെട്ട ചില പ്രധാന വിവരങ്ങളും തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തെ പാർട്ടിയും അതിന്റെ തൊഴിലാളിവർഗ സംഘടനപോലും പാർട്ടി ചരിത്രത്തിന്റെ ഭാഗമായി കാണാൻ ആഗ്രഹിക്കുന്നില്ലെന്നതിന്റെ തെളിവ് കൂടിയാണിത്. എന്നാൽ, ഈ മനോഭാവത്തിൽ മാറ്റംവരുത്തിയാണ് ഇരു കമ്യൂണിസ്റ്റ് പാർട്ടികളും ചേർന്ന് ഇപ്പോൾ 75ാം വാർഷികാചരണ ചടങ്ങ് സംഘടിപ്പിക്കാനൊരുങ്ങുന്നത്.
ഫെബ്രുവരി 28നാണ് സി.പി.എമ്മും സി.പി.ഐയും ചേർന്ന് ഇടപ്പള്ളി സമരത്തിന്റെ 75ാം വാർഷികാചരണം എറണാകുളത്ത് നടത്തുന്നത്. ഇരുപാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാർ പങ്കെടുക്കും. സമര സേനാനികളുടെ കുടുംബങ്ങളുമായി ചേർന്ന് നടത്തുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രിയെയും കൊണ്ടുവരാൻ ശ്രമം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

