എടപ്പാൾ തിയേറ്റർ പീഡനം: എസ്.ഐ ബേബി അറസ്റ്റിൽ
text_fieldsമലപ്പുറം: എടപ്പാൾ തിയേറ്റർ പീഡനക്കേസിൽ ചങ്ങരംകുളം എസ്.ഐ കെ.ജി ബേബി അറസ്റ്റിൽ. തിയറ്റില്‍ ബാലികയെ പീഡിപ്പിച്ച ആള്‍ക്കെതിരെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതി പൂഴ്ത്തിവെച്ച ബേബിക്കെതിരെ നേരത്തേ പോക്സോ ചുമത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇദ്ദേഹത്തെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
കേസ് കൈകാര്യം ചെയ്തതില്‍ ചങ്ങരംകുളം പൊലീസിന് ഗുരുതരവീഴ്ചയാണ് സംഭവിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത ദിവസം തന്നെ ബേബിയെ സസ്പെൻഡ് ചെയ്തിരുന്നു. ബാലികയെ പീഡിപ്പിച്ച സംഭവം പുറത്ത് കൊണ്ടുവന്ന തീയേറ്റർ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തത് വ്യാപക വിമർശത്തിനിടയാക്കിയ സാഹചര്യത്തിലാണ് എസ്.ഐയുടെ അറസ്റ്റുണ്ടായത്. പ്രതിപക്ഷം ഇന്ന് നിയമസഭയിലും കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പൊലീസ് സേനയിലും ഇക്കാര്യത്തിൽ വിമർശമുയർന്നു. കുറ്റകൃത്യങ്ങൾ അറിയിക്കുന്നതിൽ പൊതുജനം പൊലീസിനോട് സഹകരിക്കുന്ന നടപടിയിൽ തീയേറ്റർ ഉടമയുടെ അറസ്റ്റ് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന വാദമുണ്ട്. അറസ്റ്റ് നിയമപരമാണോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി. സംഭവത്തിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ മലപ്പുറം എസ്.പിയിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. പ്രതികാര നടപടിയായാണ് പൊലീസ് തീയേറ്റർ ഉടമക്കെതിരെ നടപടിയെടുത്തതെന്ന ആരോപണം സജീവമാണ്.
കേസിലെ പ്രതിയായ മൊയ്തീൻ കുട്ടിയും ബാലികയുടെ മാതാവും റിമാൻഡിലാണ്. ഇയാൾക്ക് വേണ്ടി അഡ്വ. ആളൂരാണ് കോടതിയിൽ ഹാജരാകുന്നത്. ഏപ്രില്‍ 18ന് വൈകീട്ട് ആറിനുള്ള പ്രദര്‍ശനത്തിനിടയിലാണ് ഒരു സ്ത്രീക്കൊപ്പം ഇരുന്ന മൊയ്തീൻകുട്ടി തൊട്ടടുത്തിരുന്ന പത്ത് വയസ്സ് തോന്നിക്കുന്ന ബാലികയെ പീഡിപ്പിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളിൽ ഇത് വ്യക്തമായിരുന്നു. ഏപ്രില്‍ 26ന് സി.സി.ടി.വി ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട തിയറ്റർ ജീവനക്കാര്‍ ദൃശ്യങ്ങൾ ചൈൽഡ് ലൈനിന് കൈമാറി.
ദൃശ്യങ്ങൾ സഹിതം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ചങ്ങരംകുളം പൊലീസിന് അന്നുതന്നെ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തില്ല. രണ്ട് തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതിരുന്ന സംഭവം മാധ്യമങ്ങൾ വഴി പുറത്തറിഞ്ഞതോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് രൂക്ഷ വിമർശനം ഏൽക്കേണ്ടി വന്ന കേസ് വെളിച്ചത്തു കൊണ്ടുവന്നതിന് വനിതാ കമീഷനടക്കം തിയറ്റർ ഉടമയെ അഭിനന്ദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
