എടപ്പാൾ തിയറ്റർ ഉടമയുടെ അറസ്റ്റില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി
text_fieldsഎടപ്പാള്‍: തിയറ്ററിൽ ബാലികെയ പീഡിപ്പിച്ച വിവരം പൊലീസിനെ അറിയിക്കുന്നതിൽ വീഴ്ച വരുത്തി എന്നാരോപിച്ച് തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിക്ക് അതൃപ്തി. അറസ്റ്റ് നിയമപരമാണോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി. ഡി.ജി.പി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടി.
തിയറ്റർ ഉടമയായ ഇ.സി സതീഷിനെയാണ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചു, വിവരം െപാലീസിെന അറിയിച്ചില്ല എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. സതീശിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കേസിലെ പ്രതിയായ മൊയ്തീൻ കുട്ടിയും ബാലികയുടെ മാതാവും റിമാൻഡിലാണ്. ഇയാൾക്ക് വേണ്ടി അഡ്വ. ആളൂരാണ് കോടതിയിൽ ഹാജരാകുന്നത്. ഏപ്രില്‍ 18ന് വൈകീട്ട് ആറിനുള്ള പ്രദര്‍ശനത്തിനിടയിലാണ് ഒരു സ്ത്രീക്കൊപ്പം ഇരുന്ന മൊയ്തീൻകുട്ടി തൊട്ടടുത്തിരുന്ന പത്ത് വയസ്സ് തോന്നിക്കുന്ന ബാലികയെ പീഡിപ്പിച്ചത്.
സി.സി.ടി.വി ദൃശ്യങ്ങളിൽ ഇത് വ്യക്തമായിരുന്നു. ഏപ്രില്‍ 26ന് സി.സി.ടി.വി ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട തിയറ്റർ ജീവനക്കാര്‍ ദൃശ്യങ്ങൾ ചൈൽഡ് ലൈനിന് കൈമാറി. ദൃശ്യങ്ങൾ സഹിതം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ചങ്ങരംകുളം പൊലീസിന് അന്നുതന്നെ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തില്ല.
രണ്ട് തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതിരുന്ന സംഭവം മാധ്യമങ്ങൾ വഴി പുറത്തറിഞ്ഞതോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് രൂക്ഷ വിമർശനം ഏൽക്കേണ്ടി വന്ന കേസ് വെളിച്ചത്തു കൊണ്ടുവന്നതിന് വനിതാ കമീഷനടക്കം തിയറ്റർ ഉടമയെ അഭിനന്ദിച്ചിരുന്നു.
ബാലിക പീഡനത്തിനിരയായ സംഭവത്തിൽ സിനിമ തിയറ്റർ ഉടമയുടെ പരാതിപ്രകാരം തുടർനടപടികളെടുത്ത ചൈൽഡ് ലൈൻ അധികൃതരെ കുടുക്കാനും പൊലീസ് ശ്രമിക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും കൃത്രിമം കാണിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചായിരുന്നു കേസെടുക്കാൻ നീക്കം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
