എടപ്പാൾ മേൽപാലം നാടിന് സ്വന്തം
text_fieldsഎടപ്പാൾ മേൽപാലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. കായികമന്ത്രി വി. അബ്ദുറഹ്മാൻ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.എൽ.എമാരായ കെ.ടി. ജലീൽ, പി. നന്ദകുമാർ തുടങ്ങിയവർ സമീപം
എടപ്പാൾ (മലപ്പുറം): കാത്തിരിപ്പുകൾക്കൊടുവിൽ എടപ്പാൾ മേൽപാലം നാടിന് സ്വന്തം. തിങ്കളാഴ്ച രാവിലെ 10.30ഓടെ തൃശൂർ റോഡിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാട മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വാദ്യമേളം, നാടൻ കലാരൂപങ്ങൾ, മുത്തുക്കുട, പ്ലക്കാർഡുകൾ എന്നിവയുടെ അകമ്പടിയോടെ പാലത്തിലൂടെ ഘോഷയാത്രയായി സഞ്ചരിച്ചു.
ആയിരങ്ങളാണ് ഘോഷയാത്രയിൽ സംബന്ധിച്ചത്. തുടർന്ന് കുറ്റിപ്പുറം റോഡിലെ മൈതാനിയിൽ സജ്ജമാക്കിയ വേദിയിലെത്തി. കെ.ടി. ജലീൽ എം.എൽ.എയുടെ അധ്യക്ഷതയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യപ്രഭാഷണം നടത്തി. കായികമന്ത്രി വി. അബ്ദുറഹ്മാൻ, പി. നന്ദകുമാർ എം.എൽ.എ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ, ജില്ല പഞ്ചായത്ത് അംഗം പി.പി. മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.

