‘ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നു’; നിർണായ നീക്കവുമായി ഇ.ഡി ഹൈകോടതിയിൽ
text_fieldsകൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിന്റെ എഫ്.ഐ.ആർ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈകോടതിയിൽ. സ്വർണക്കൊള്ളയിൽ പ്രഥമദൃഷ്ട്യ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് ഹൈകോടതിയിൽ ഇ.ഡി ചൂണ്ടിക്കാട്ടി.
കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമ പ്രകാരം അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ മുദ്രവെച്ച പകർപ്പാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
റാന്നി മജിസ്ട്രേറ്റ് കോടതിയിൽ ഈ ആവശ്യമുന്നയിച്ച് നൽകിയ ഹരജി തള്ളിയതിനെത്തുടർന്നാണ് ഇ.ഡി കൊച്ചി സോണൽ ഓഫിസ് ഹൈകോടതിയിൽ ഹരജി നൽകിയത്. ഹരജി തിങ്കളാഴ്ച ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിക്കും.
അന്വേഷണം ഹൈകോടതിയുടെ മേൽനോട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് മജിസ്ട്രേറ്റ് കോടതി എഫ്.ഐ.ആർ നൽകണമെന്ന ആവശ്യം തള്ളിയത്. ഹൈകോടതി ഉത്തരവിനെത്തുടർന്ന് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ പി.എം.എൽ.എ നിയമപ്രകാരവും അന്വേഷണം നടത്തേണ്ട ഏക ഏജൻസി എന്ന നിലയിലാണ് ഇ.ഡിയുടെ ഹരജി.
പൊതുരേഖയായ എഫ്.ഐ.ആർ അന്വേഷണ ഏജൻസിയായ ഇ.ഡിക്ക് നിഷേധിക്കാനാകില്ലെന്നും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമുള്ള അന്വേഷണം നിലവിൽ നടക്കുന്ന അന്വേഷണത്തിൽനിന്ന് ഭിന്നമാണെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

