ഇ.ഡി സമൻസും ‘ചെമ്പായോ?’
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിൽ നടപടിയെടുക്കാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. രണ്ടുവർഷം മൂടിവെച്ചും പ്രതികരിക്കാതെ മുഖ്യമന്ത്രിയും സി.പി.എമ്മും.
2018ലെ ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ നടന്ന കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് വിവേക് കിരൺ 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് ഇ.ഡി കൊച്ചി ഓഫിസിൽ ഹാജരാകണമെന്നായിരുന്നു സമൻസ്. അസി. ഡയറക്ടറായിരുന്ന പി.കെ. ആനന്ദാണ് സമൻസ് അയച്ചത്. ‘വിവേക് കിരൺ, സൺ ഓഫ് പിണറായി വിജയൻ, ക്ലിഫ് ഹൗസ്, തിരുവനന്തപുരം’ എന്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ വിലാസത്തിലായിരുന്നു സമൻസ് അയച്ചത്. എന്നാൽ, അബൂദബിയിൽ ജോലിചെയ്യുന്ന വിവേക് ഹാജരായില്ല.
രണ്ടു വർഷത്തിലേറെ രഹസ്യമായി സൂക്ഷിച്ച വിവരം കഴിഞ്ഞദിവസം പുറത്തുവരികയായിരുന്നു. ശിവശങ്കറിനൊപ്പം ചോദ്യംചെയ്യാൻ വിളിപ്പിച്ച വിവേകിനെ പിന്നീട് എന്തുകൊണ്ട് കേസിൽനിന്ന് ഒഴിവാക്കിയെന്നതിൽ വ്യക്തതയില്ല. ഇ.ഡി സമന്‍സ് മറച്ചുവെച്ചത് എന്തിനെന്നതിലും ദുരൂഹതയുണ്ട്. വിവേകിനെ പിന്നീട് ചോദ്യംചെയ്യാൻ വിളിപ്പിക്കാത്തത് എന്തുകൊണ്ടെന്ന് ഇ.ഡി വ്യക്തമാക്കേണ്ടിവരും.സാധാരണ ഇ.ഡിക്കെതിരെ പ്രതികരണവുമായി രംഗത്തുവരുന്ന പാർട്ടി നേതൃത്വം വിവേകിന്റെ കാര്യത്തിൽ മൗനം പാലിച്ചു.
വിവേക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട രാത്രിയാണ് മൂന്നുദിവസം നീണ്ട ചോദ്യംചെയ്യലിനുശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. കേസിൽ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പി.എ സി.എന്‍. രവീന്ദ്രന് ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹവും ഹാജരായില്ല. മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അന്വേഷണം നീണ്ടതോടെ ഇ.ഡി അന്വേഷണം അവസാനിപ്പിച്ചെന്നാണ് അന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നത്.
അത് സാധൂകരിക്കുന്നതാണ് പുതിയ വിവരങ്ങൾ. ശിവശങ്കറിനെ ബലിയാടാക്കി മറ്റുള്ളവരെ രക്ഷിച്ചെടുത്തെന്ന ആരോപണവും അന്ന് ശക്തമായിരുന്നു.വിവരം പൂഴ്ത്തിവെച്ചതില്‍ ദുരൂഹതയുണ്ടെന്നും മുഖ്യമന്ത്രിയുടെ മകന് ഇ.ഡി അയച്ച സമന്‍സ് ആവിയായതിനു പിന്നില്‍ സി.പി.എം-ബി.ജെ.പി അവിശുദ്ധ ബന്ധമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

