മസാല ബോണ്ട്: വസ്തുതകളുമായി ബന്ധമില്ലാത്ത അന്വേഷണം പാടില്ലെന്ന് ഇ.ഡിയോട് കോടതി
text_fieldsകൊച്ചി: കിഫ്ബി മസാല ബോണ്ടുകളിറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമുണ്ടോ എന്ന് അന്വേഷിക്കാൻ കിഫ്ബി ഉദ്യോഗസ്ഥർക്കും മുൻ മന്ത്രി ഡോ. തോമസ് ഐസക്കിനും നൽകിയ സമൻസുകൾ പിൻവലിക്കുമെന്ന് ഇ.ഡി ഹൈകോടതിയിൽ അറിയിച്ചു.
ഇ.ഡി തുടർച്ചയായി സമൻസ് അയക്കുന്നത് ചോദ്യം ചെയ്ത് തോമസ് ഐസക്കും കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, ജോയന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവരും നൽകിയ ഹരജികളിലെ തുടർനടപടികൾ ഈ വിശദീകരണം രേഖപ്പെടുത്തി ഹൈകോടതി അവസാനിപ്പിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹരജികൾ പരിഗണിച്ചത്. എന്നാൽ, അന്വേഷണം വിലക്കണമെന്ന കിഫ്ബിയുടെ ആവശ്യം അനുവദിച്ചില്ല.
അതേസമയം, പരാതി സ്ഥാപിച്ചെടുക്കാനുള്ള അന്വേഷണമോ വസ്തുതകളുമായി ബന്ധമില്ലാത്ത തരത്തിലുള്ള അന്വേഷണമോ ഇ.ഡി നടത്തരുതെന്ന് ഉത്തരവിൽ നിർദേശിച്ചു. മസാലബോണ്ടിൽ ഇ.ഡി അന്വേഷണം തുടരണോ വേണ്ടയോ എന്നത് ഹരജികളിൽ പരിശോധിച്ചിട്ടില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. വിദേശത്ത് മസാലബോണ്ടുകളിറക്കിയതിൽ നിയമലംഘനമുണ്ടോയെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി സമൻസുകൾ അയച്ചത്.
വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടെ ചോദിച്ച് ഇ.ഡി സമൻസ് നൽകുന്നത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക് ഹരജി നൽകിയത്. തുടർച്ചയായി സമൻസ് നൽകി ഇ.ഡി ബുദ്ധിമുട്ടിക്കുന്നു എന്നായിരുന്നു കിഫ്ബിയുടെ ആരോപണം. അഞ്ചു തവണയാണ് കിഫ്ബിക്ക് സമൻസ് നൽകിയത്. വ്യക്തിവിവരങ്ങൾ ഉൾപ്പെടെ തേടി സമൻസ് നൽകുന്നത് അനാവശ്യമാണെന്ന് നേരത്തേ ഹരജി പരിഗണിച്ചപ്പോൾ ഹൈകോടതി വ്യക്തമാക്കിയിരുന്നു.
അന്വേഷണം സംബന്ധിച്ച വിവരങ്ങൾ ഇ.ഡി വെളിപ്പെടുത്താത്ത സാഹചര്യത്തിൽ അന്വേഷണം വിലക്കണമെന്ന് കിഫ്ബി ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാനാവില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
അന്വേഷണ വിവരങ്ങൾ നൽകണമെന്ന് നിർബന്ധിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണവിവരങ്ങൾ മുദ്രവെച്ച കവറിൽ നൽകാമെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ അഡീ. സോളിസിറ്റർ ജനറൽ എ.ആർ.എൽ സുന്ദരേശൻ വ്യക്തമാക്കിയെങ്കിലും ഹൈകോടതി നിരസിച്ചു. മസാലബോണ്ടുകളിറക്കിയതിനാലാണ് അന്വേഷണമെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകരായ അരവിന്ദ് പി. ദത്താർ, ജയ്ദീപ് ഗുപ്ത എന്നിവർ വാദിച്ചെങ്കിലും ഇത് വ്യക്തമല്ലെന്ന് വിലയിരുത്തി കോടതി അംഗീകരിച്ചില്ല.
തുടർന്നാണ് സമൻസ് ചോദ്യം ചെയ്യുന്ന ഹരജികളിലെ തുടർനടപടികൾ അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

