സി.എം. രവീന്ദ്രെൻറ സ്വത്തു വിവരം തേടി ഇ.ഡി; രജിസ്ട്രേഷൻ വകുപ്പിന് കത്ത് നൽകി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രെൻറ സ്വത്ത് വിവരം ആവശ്യപ്പെട്ട് സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കത്ത് നൽകി. രവീന്ദ്രെൻറയും ഭാര്യയുെടയും പേരിലുള്ള സ്വത്തുവകകളുടെ വിശദാംശങ്ങൾ എല്ലാ രജിസ്ട്രേഷൻ ഓഫിസുകളിലും പരിശോധന നടത്തി അറിയിക്കണമെന്നാണ് രജിസ്ട്രേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കിൽ ഇ.ഡി ഉദ്യോഗസ്ഥർ നേരിട്ട് പരിശോധന നടത്തുമെന്നും സൂചനയുണ്ട്.
കഴിഞ്ഞദിവസങ്ങളിൽ കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ചില സ്ഥാപനങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. 12 സ്ഥാപനങ്ങളിൽ രവീന്ദ്രനോ അദ്ദേഹത്തിെൻറ ബന്ധുക്കൾക്കോ ഒാഹരിയുണ്ടെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം സി.എം. രവീന്ദ്രനെ ചോദ്യംചെയ്യാനുള്ള നീക്കമാണ് ഇ.ഡി ഇപ്പോൾ നടത്തുന്നത്. സ്വർണക്കടത്ത് കേസ് അന്വേഷണത്തിെൻറ ഭാഗമായി സി.എം. രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി രണ്ട് പ്രാവശ്യം നോട്ടീസ് നൽകിയിരുന്നു.
എന്നാൽ ആദ്യത്തെ തവണ കോവിഡ് േപാസിറ്റിവായി ക്വാറൻറീനിൽ പോയ രവീന്ദ്രൻ േകാവിഡ് മുക്തനായ ശേഷം രണ്ടാമതും നോട്ടീസ് കിട്ടിയപ്പോൾ കോവിഡാനന്തര ചികിത്സ തേടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. എന്നാൽ സി.പി.എം േനതൃത്വത്തിെൻറ ഉൾപ്പെടെ അതൃപ്തിയെ തുടർന്ന് രവീന്ദ്രൻ ആശുപത്രി വിട്ടു. അതിന് പിന്നാലെയാണ് രവീന്ദ്രെൻറ സ്വത്ത് വിവരങ്ങൾ തേടി ഇ.ഡി അന്വേഷണം ആരംഭിച്ചത്. വടകരയിലെ ചില വ്യാപാരസ്ഥാപനങ്ങളിലും ഊരാളുങ്കൽ ലേബർ സഹകരണ സൊസൈറ്റിയിലും ഇ.ഡി ഉദ്യോഗസ്ഥർ എത്തിയിരുന്നു.