പി.എഫ്.ഐ-എസ്.ഡി.പി.ഐ ബന്ധത്തിന് നാലുവർഷം മുമ്പേ തെളിവുണ്ടെന്ന് ഇ.ഡി
text_fieldsമലപ്പുറത്ത് എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി ഓഫിസിൽ റെയ്ഡിനു ശേഷം ഇ.ഡി ഉദ്യോഗസ്ഥർ മടങ്ങുമ്പോൾ പ്രതിഷേധിക്കുന്ന പ്രവർത്തകർ
ന്യൂഡൽഹി: പോപുലർ ഫ്രണ്ടിന്റെ കേരള ആസ്ഥാനമായ കോഴിക്കോട് യൂനിറ്റി ഹൗസിൽ നാലുവർഷം മുമ്പ് നടത്തിയ റെയ്ഡിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക്(എസ്.ഡി.പി.ഐ) പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ)യുമായുള്ള ബന്ധത്തിന്റെ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). 2020 ഡിസംബർ മൂന്നിന് കോഴിക്കോട് യൂനിറ്റി ഹൗസ് അടക്കം പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ നിന്നാണ് പി.എഫ്.ഐയും എസ്.ഡി.പി.ഐയും തമ്മിലുള്ള ബന്ധം വ്യക്തമായതെന്നും ഇ.ഡി വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടു.
യൂനിറ്റി ഹൗസിലെ റെയ്ഡിൽ നിന്ന് ‘ഫൈസി സാഹിബിനുള്ള (എം.കെ ഫൈസി) കത്ത് കണ്ടെടുത്തിരുന്നു. ഇതിൽ സംസ്ഥാന നിയമസഭയിലേക്കും പാർലമെന്റിലേക്കും പാർട്ടി സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പറയുന്നുണ്ട്. എസ്.ഡി.പി.ഐയുടെ സ്ഥാനാർഥി നിർണയത്തിന്റെ വിശദമായ മാർഗരേഖയാണത്. എസ്.ഡി.പി.ഐയുടെ തെരഞ്ഞെടുപ്പിനുള്ള ഫണ്ടിങ് പി.എഫ്.ഐ നടത്തിയതിന്റെ രേഖകളുണ്ടെന്നും ഇ.ഡി പറഞ്ഞു.
യൂനിറ്റി ഹൗസിൽ നിന്ന് കണ്ടെടുത്ത ഡയറിയിൽ 2019 മാർച്ച് 17ന് രേഖപ്പെടുത്തിയ മിനുട്സിൽ എസ്.ഡി.പി.ഐക്ക് തെരഞ്ഞെടുപ്പ് ഫണ്ടായി 3.75 കോടി രൂപ നൽകിയതായി പറയുന്നുണ്ടെന്നും ഇ.ഡി അവകാശപ്പെട്ടു.
ഇതുവരെയായി സംശയാസ്പദവും കണക്കിൽപ്പെടാത്തതുമായ 4.07 കോടി രൂപ എസ്.ഡി.പി.ഐക്ക് പി.എഫ്.ഐ നൽകി. പി.എഫ്.ഐയുടെ 61.72 കോടി രൂപയുടെ സ്വത്തുക്കൾ ഇതുവരെ കണ്ടുകെട്ടിയെന്നും വാർത്താക്കുറിപ്പ് തുടർന്നു.
2002ലെ അനധികൃത പണമിടപാട് തടയൽ നിയമം (പി.എം.എൽ.എ) അനുസരിച്ച് 12 തവണ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഒഴിഞ്ഞുമാറിയെന്നും തുടർന്നാണ് പട്യാല ഹൗസ് ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതി മുമ്പാകെ കേസ് രജിസ്റ്റർ ചെയ്തത്.
നയരൂപവത്കരണത്തിലും ദൈനംദിന കാര്യങ്ങൾക്കും എസ്.ഡി.പി.ഐ ആശ്രയിക്കുന്നത് പി.എഫ്.ഐയെയാണ്. പ്രതിരോധത്തിന് മുൻഗണന നൽകുന്ന ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനമാണെന്നും എല്ലാ തരത്തിലുമുള്ള കായിക, പ്രക്ഷോഭ, നിയമ, ആദർശ പ്രതിരോധത്തിലൂടെ ജിഹാദിന്റെ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും പി.എഫ്.ഐ രേഖയിൽ പറയുന്നുണ്ടെന്നും ഇ.ഡി വ്യക്തമാക്കി.
ഇ.ഡിയെ ബി.ജെ.പി ആയുധമാക്കുന്നു -എസ്.ഡി.പി.ഐ
കോട്ടയം: എതിർശബ്ദങ്ങളെ ഇല്ലാതാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) ബി.ജെ.പി ആയുധമാക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി. ലത്തീഫ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. അതിന്റെ ഭാഗമായാണ് നേതാക്കളെ അറസ്റ്റ് ചെയ്യുന്നതും ഓഫിസുകളിൽ റെയ്ഡ് നടത്തുന്നതും.
കേന്ദ്രത്തിന്റെ വഖഫ് നിയമഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സംഘടന നടത്തിയത്. ജനാധിപത്യവിരുദ്ധ നിയമത്തെ ജനകീയമായി നേരിട്ടതിലെ വിരോധമാണ് ഇ.ഡിയെ ഉപയോഗിച്ച് തീർക്കുന്നത്.
ഇതിലൂടെ പ്രവർത്തകരുടെ മനോധൈര്യം ഇല്ലാതാക്കാമെന്ന് കരുതേണ്ട. പോപുലർ ഫ്രണ്ടിന്റെ പണം എസ്.ഡി.പി.ഐക്ക് ലഭിച്ചിട്ടില്ല. എസ്.ഡി.പി.ഐക്ക് പോപുലർ ഫ്രണ്ടുമായി ഒരു ബന്ധവുമില്ല. രണ്ട് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിന്റെ പേരിലാണ് ദേശീയ അധ്യക്ഷൻ എം.കെ. ഫൈസിയെ അറസ്റ്റ് ചെയ്തത്.
അതിന് പിന്നാലെയാണ് മലപ്പുറം, തിരുവനന്തപുരം ഓഫിസുകളിൽ ഇ.ഡി പരിശോധന നടന്നത്. ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ പിന്തുടരുന്നതെന്നും ലത്തീഫ് പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ, വർക്കിങ് പ്രസിഡന്റ് ജോർജ് മുണ്ടക്കയം, ജില്ല വൈസ് പ്രസിഡന്റ് യു. നവാസ് എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

