മലപ്പുറത്ത് എസ്.ഡി.പി.ഐ ജില്ല ഓഫിസിൽ ഇ.ഡി റെയ്ഡ്; പ്രതിഷേധവുമായി പ്രവർത്തകർ
text_fieldsമലപ്പുറം എസ്.ഡി.പി.ഐ ജില്ല ഓഫിസിലെ ഇ.ഡി റെയ്ഡിനെ തുടർന്ന് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം (ഫോട്ടോ: മുസ്തഫ അബൂബക്കർ)
മലപ്പുറം: എസ്.ഡി.പി.ഐ ജില്ല ഓഫിസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. വ്യാഴാഴ്ച രാവിലെ 10ന് തുടങ്ങിയ റെയ്ഡ് ഉച്ചക്ക് 2.15 വരെ നീണ്ടു. റെയ്ഡിനെ തുടർന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ മലപ്പുറത്ത് പ്രതിഷേധിച്ചു.
രണ്ട് മണിയോടെ തന്നെ ജില്ല ഓഫിസിന് മുമ്പിൽ ഒത്തുചേർന്ന നൂറുകണക്കിന് പ്രവർത്തകർ ഇ.ഡിക്കെതിരെ പ്രതിഷധവുമായി രംഗത്തു വന്നു. പരിശോധന കഴിഞ്ഞ് ഉദ്യോഗസ്ഥർ വാഹനത്തിൽ കയറുമ്പോൾ ഗോ ബാക്ക് വിളികളോടെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. തുടർന്ന് ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് പിറകിലായി കുന്നുമ്മൽ ജങ്ഷൻ വരെ പ്രവർത്തകർ റോഡിലൂടെ പ്രകടനം നടത്തി.
കേരളത്തിൽ നടത്തിയ വഖഫ് സംരക്ഷണ സമരങ്ങൾക്ക് പിന്നാലെയാണ് സംഘടനയെ തളർത്താൻ ഇ.ഡിയെ ഉപയോഗിച്ച് റെയ്ഡ് നടത്തുന്നതെന്ന് പ്രകടനത്തിന് നേതൃത്വം നൽകിയ എസ്.ഡി.പി.ഐ ജില്ല പ്രസിഡന്‍റ് അൻവർ പഴഞ്ഞി ആരോപിച്ചു. എസ്.ഡി.പി.ഐ ദേശീയ അധ്യക്ഷൻ എം.കെ. ഫൈസിയെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മലപ്പുറത്തടക്കം രാജ്യത്ത് വിവിധയിടങ്ങളിൽ എസ്.ഡി.പി.ഐ ഓഫിസുകളിൽ ഇ.ഡി റെയ്ഡ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

