സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇഡി റെയ്ഡ്; പരിശോധന തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിൽ
text_fieldsതൃശൂർ കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ ഇഡി റെയ്‌ഡ് നടത്തുമ്പോൾ പുറത്ത് കാവൽ നിൽക്കുന്ന സുരക്ഷ ഉദ്യോഗസ്ഥർ
തൃശൂർ: തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലെ സഹകരണ ബാങ്കുകളിൽ ഇ.ഡിയുടെ (എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്) മിന്നൽ പരിശോധന. വിവിധ സഹകരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട വ്യക്തികളുടെ വീടുകളും കേന്ദ്രീകരിച്ചാണ് ഇന്ന് രാവിലെ മുതൽ ഒരേസമയം റെയ്‌ഡ് തുടങ്ങിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം മുമ്പ് രജിസ്റ്റർ ചെയ്‌ത കേസുകളിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് റെയ്‌ഡ് നടത്തുന്നതെന്നാണ് വിവരം.
എറണാകുളം ജില്ലയിൽ അങ്കമാലി അർബൻ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുള്ള കേന്ദ്രങ്ങളിലാണ് ഇ.ഡി സംഘം പ്രധാനമായും പരിശോധന നടത്തുന്നത്. ബാങ്കിന്റെ മുൻ ഭാരവാഹികളുടെയും നിലവിലെ ജീവനക്കാരുടെയും വീടുകൾ ഉൾപ്പെടെ നാല് സ്ഥലങ്ങളിൽ റെയ്‌ഡ് നടക്കുന്നുണ്ട്. ഈ ബാങ്കിൽ വ്യാജ രേഖകൾ ചമച്ചും ബിനാമി പേരുകളിലും 121 കോടിയിൽ അധികം രൂപയുടെ വായ്‌പ തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പ് മുമ്പ് നടത്തിയ ഓഡിറ്റിങ്ങിൽ കണ്ടെത്തിയിരുന്നു. സാധാരണക്കാരായ നിക്ഷേപകരുടെ പണം ഇത്തരത്തിൽ വകമാറ്റിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചാണ് ഇ.ഡി അന്വേഷിക്കുന്നത്.
ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ അന്വേഷണം നേരിടുന്ന തൃശൂർ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലാണ് ഇ.ഡി സംഘം പരിശോധന നടത്തുന്നത്. കരുവന്നൂർ സഹകരണ ബാങ്കിന് പിന്നാലെ സി.പി.എം നിയന്ത്രണത്തിലുള്ള കുട്ടനെല്ലൂർ ബാങ്കിലും പരിശോധന നടത്തുന്നുണ്ട്. ലോൺ അനുവദിച്ചതിലെ ക്രമക്കേടുകൾ, വൻകിട നിക്ഷേപങ്ങളുടെ ഉറവിടം എന്നിവയാണ് പ്രധാനമായും അന്വേഷിക്കുന്നത്.
കോഴിക്കോട് ജില്ലയിലും സഹകരണ മേഖലയിലെ തട്ടിപ്പുകളുമായി ബന്ധമുള്ള ചില പ്രമുഖരുടെ വസതികളിൽ കേന്ദ്ര ഏജൻസി പരിശോധന നടത്തുന്നുണ്ട്. ബാങ്കുകളിലെ കമ്പ്യൂട്ടർ രേഖകൾ, ഹാർഡ് ഡിസ്‌കുകൾ, വായ്‌പാ ഫയലുകൾ, നിർണായകമായ മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവയാണ് പരിശോധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

