ബിൽഎം ചെന്നൈ ആസ്ഥാനത്ത് ഇഡി റെയ്ഡ്; ചെയര്മാന് പ്രേംകുമാറിനെതിരായ സാമ്പത്തിക അന്വേഷണം ശക്തമാകുന്നു
text_fieldsചെന്നൈ: ബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസില്‍ ചെന്നൈ കോയമ്പേട്ടിലെ ഹെഡ് ഓഫീസില്‍ ഇഡി റെയ്ഡ്. നിക്ഷേപകരില്‍നിന്ന് സമാഹരിച്ച പണം വഴിമാറ്റിയെന്ന ആരോപണവും സ്ഥാപനത്തിന്റെ പേരില്‍ സമാഹരിച്ച പണം വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകളിലേക്ക് എത്തിയെന്ന സംശയവും നിലനില്‍ക്കെയാണ് കേന്ദ്ര ഏജന്‍സിയുടെ നടപടി. കേരള ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരുന്ന കേസില്‍ അപ്രതീക്ഷിതമായിരുന്നു ഇഡി പരിശോധന. സംഭവത്തിൽ ബിഎല്‍എം ചെയര്മാന് ആര്. പ്രേംകുമാറിനെതിരായ അന്വേഷണം കൂടുതല്‍ ശക്തമായിരിക്കുകയാണ്.
ബിഎല്‍എമ്മിന്റെ പ്രധാന രേഖകളും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ചെന്നൈയിലെ പ്രധാന ഓഫീസിൽ ഉണ്ടാകാം എന്നതിനാൽ പരിശോധനക്ക് വലിയ പ്രാധാന്യമുണ്ട്. നിക്ഷേപകരില്‍നിന്ന് സ്വീകരിച്ച തുകകള്‍ ഏതൊക്കെ അക്കൗണ്ടുകളിലേക്ക് കൈമാറി, അവ പിന്നീട് എവിടെയൊക്കെ വിനിയോഗിച്ചു, സ്ഥാപനത്തിന്റെ പേരില്‍ വാങ്ങിയ സ്വത്തുക്കളുടെ യഥാര്‍ഥ ഉടമകള്‍ ആരാണ് തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണത്തിന്റെ ശ്രദ്ധ. പരിശോധനയില്‍ ഏതെല്ലാം രേഖകള്‍ ശേഖരിച്ചുവെന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
നിക്ഷേപകരുടെ പണം സ്വകാര്യ ആവശ്യങ്ങൾക്കായി വകമാറ്റിയെന്ന കേസിൽ ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോഓപറേറ്റീവ് സൊസൈറ്റി (ബി.എൽ.എം) ചെയർമാൻ ആർ. പ്രേംകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. സൊസൈറ്റിയുടെ മറവിൽ സാധാരാണക്കാരിൽ നിന്ന് മുന്നൂറ് കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നാണ് കേസ്. എന്നാൽ തട്ടിപ്പ് 5000 കോടി കടക്കുമെന്ന് പരാതിക്കാർ പറയുന്നു.
ചെന്നൈയിലെ വസതിയിൽനിന്നാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇയാളെ പിടികൂടിയത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ചെന്നൈ നുങ്കമ്പാക്കത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൊസൈറ്റിയിൽ നിക്ഷേപിച്ച പണം ഹോട്ടലുകൾ, റിസോർട്ടുകൾ, തിയറ്ററുകൾ എന്നിവ വാങ്ങാൻ വകമാറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. തിരുവനന്തപുരത്തെ ആഡംബര ഹോട്ടൽ, തൃശൂരിലെ രാഗം തിയറ്റർ, മൂന്നാറിലെ റിസോർട്ടുകൾ തുടങ്ങിയവ വാങ്ങാൻ സൊസൈറ്റിയുടെ പണം ഉപയോഗിച്ചതായാണ് ആരോപണം. വിവിധ കമ്പനികൾ വഴിയും പണം വകമാറ്റിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

