'ഇ.ഡി റെയ്ഡ് തികച്ചും രാഷ്ട്രീയ പകപോക്കല്‍; പിണറായിയെയും പാർട്ടിയെയും കടന്നാക്രമിക്കാനാണ് ശ്രമം' -എം.വി. ഗോവിന്ദന്‍
text_fieldsതിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെയും വീടുകളിലെ ഇ.ഡി റെയ്ഡ് തികച്ചും രാഷ്ട്രീയ പകപോക്കലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ട് നിൽക്കുന്നവരെ കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി നടത്തുന്ന കടന്നാക്രമണമാണിതെന്നും പിണറായിയെും പാർട്ടിയെയും ദുർബലപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
യഥാർഥത്തിൽ രാഷ്ട്രീയ പ്രതിയോഗികളെ അതിക്രമിക്കാനാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നത്. ഇത്തരം കേസുകളിൽ ആരും ശിക്ഷിക്കപ്പെടുന്നില്ല. കൂട്ടിലടക്കപ്പെട്ട തത്തകളെപ്പോലെയാണ് ഇത്തരം ഏജൻസികൾ പ്രവർത്തിക്കുന്നതെന്നും സുപ്രീംകോടതിതന്നെ ഇക്കാര്യം പരാമർശിച്ചതാണെന്നും എം.വി. ഗോവിന്ദൻ ഓർമപ്പെടുത്തി. കേരളത്തിൽ നിലവിൽ അതിന്റെ മറ്റൊരു പതിപ്പാണ് നടക്കുന്നതെന്നും പിണറായിയെയും പ്രസ്ഥാനത്തെയും ദുർബലപ്പെടുത്താനുള്ള ശ്രമം ഒരിക്കലും നടപ്പാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിനു ശേഷം ഇന്നലെയാണ് ആദ്യമായി പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. തെരഞ്ഞെടുപ്പിന് മുമ്പും പിമ്പും ബി.ജെ.പിയും യു.ഡി.എഫും ഒരു പോലെ ആവശ്യപ്പെട്ടത് പിണറായിയെ അറസ്റ്റ് ചെയ്യുക എന്നതായിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നെ ഇക്കാര്യം കേരളത്തിൽവന്ന് ആവശ്യപ്പെട്ടിരുന്നു. ഡൽഹി മുഖ്യമന്ത്രിയായിരുന്ന കെജ്രിവാളിനെ കോൺഗ്രസ് നൽകിയ ഹരജി അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതും ജയിലിലടച്ചതും. സമാനരീതിയിലുള്ള നാടകീയ സംഭവങ്ങളാണ് കേരളത്തിലിപ്പോൾ അരങ്ങേറുന്നതെന്നും ഡീൽ കൃത്യമായി തെളിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു.
സി.എം.ആർ.എൽ മായി ബന്ധപ്പെട്ട കേസ് വിജിലൻസ് കോടതി, ഹൈകോടതി, ഡൽഹി കോടതികളടക്കം എല്ലാവരും തീർപ്പാക്കിയതാണ്. എല്ലാ നിലക്കും പൂർണ സഹകരണത്തോടെയാണ് വീണ വിജയൻ അന്വേഷണത്തിനോട് സഹകരിച്ചത്. നിലവിലെ പരിശോധന ഒരു നിലക്കും അംഗീകരിക്കാനാകാത്തതും മുഖ്യമന്ത്രിയുടെ മകളായിപ്പോയി എന്നതിന്റെ പേരിലാണ് ഈ കടന്നാക്രമണമാണ്. ഡയറിയിൽ പേരുള്ള രണ്ടുപേർ ഇന്ന് മന്ത്രിമാരാണ്. പക്ഷെ കേസില്ല. ഇത് തികച്ചും ഭാവനാചമക്കലാണെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റും മറ്റു മുതിർന്ന നേതാക്കളോടും കൂടെ പാർട്ടി അടിയന്തര യോഗം ചേർന്നിട്ടുണ്ട്. ഇത്തരത്തിലുള്ള തെറ്റായ പ്രവണതയെയും പാർട്ടിവിരുദ്ധ നിലപാടുകളെയും പാർട്ടിയെ തകർക്കാനുള്ള ശ്രമങ്ങളെയും ശക്തിയായി പ്രതിരോധിക്കുമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇ.ഡി റെയ്ഡിനെതിരെ കേരളത്തിലെ മുഴുവൻ ബ്രാഞ്ചുകളുടേയും നേതൃത്വത്തിൽ ഇന്ന് പന്തം കൊളുത്തി പ്രകടനം നടത്തുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

