ഇ.ഡി അഴിമതിയുടെ കേന്ദ്രമെന്ന് തെളിഞ്ഞു; കൊടകര കുഴൽപ്പണ കേസ് അന്വേഷിച്ചതും അറസ്റ്റിലായ ഉദ്യോഗസ്ഥൻ -സി.പി.എം
text_fieldsതിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ എതിരാളികളെ തകര്‍ക്കാന്‍ രാഷ്ട്രീയ ആയുധമാക്കിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊടിയ അഴിമതിയുടെ കേന്ദ്രമാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി യഥാര്‍ഥ കള്ളപ്പണക്കാരെ പിടികൂടാന്‍ ഉത്തരവാദിത്തമുള്ള ഏജന്‍സിയെ ബി.ജെ.പി രാഷ്ട്രീയ എതിരാളികളോട് പകതീര്‍ക്കാനുള്ള ഉപകരണമാക്കിയതിന്റെ തിക്തഫലമാണ് ഇപ്പോള്‍ കാണുന്നത്. യജമാനന്‍ പറയുന്നതുപോലെ എല്ലാ നിയമവിരുദ്ധ പ്രവൃത്തികളും ചെയ്‌തുകൂട്ടുന്ന ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് യഥേഷ്‌ടം കൈക്കൂലി വാങ്ങാനുള്ള അനുമതിയും കൊടുത്തിട്ടുണ്ടോയെന്ന് ബി.ജെ.പിയും കേന്ദ്രസര്‍ക്കാറും വ്യക്തമാക്കണം. ഇപ്പോള്‍ കൈക്കൂലിക്കേസില്‍ ഒന്നാം പ്രതിയായ അതേ ഉദ്യോഗസ്ഥനുള്‍പ്പെടെയുള്ളവരാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ പ്രതിയായ കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിച്ചത്. കൊടകര കുഴല്‍പ്പണക്കേസിനെ ഹൈവേ കൊള്ളയെന്നാണ് എറണാകുളം പി.എം.എല്‍.എ കോടതിയില്‍ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചത്.
2021 നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിക്കായി എത്തിച്ചതാണ് മൂന്നരക്കോടി രൂപയെന്ന പൊലീസ് കുറ്റപത്രത്തെ ഇ.ഡി തള്ളുകയായിരുന്നു. തട്ടിപ്പുകാരായ ഇ.ഡി ഉദ്യോസ്ഥരുടെ ഏജന്റുമാരായ മൂന്നുപേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ ഇ.ഡി കൈക്കൂലി വാങ്ങുന്നതും വ്യാപകമായിരിക്കുകയാണ്. ബി.ജെ.പിക്ക് താല്‍പര്യമുള്ള കേസുകള്‍ എഴുതിത്തള്ളുന്ന ഉദ്യോഗസ്ഥര്‍ വാരിക്കൂട്ടുന്ന അഴിമതിപ്പണം ആര്‍ക്കൊക്കെ പോകുന്നുണ്ടെന്നത് കൂടി പുറത്തുവരേണ്ടതുണ്ടെന്നും സി.പി.എം സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

