Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.ഡി അന്വേഷണം: സഹകരണ...

ഇ.ഡി അന്വേഷണം: സഹകരണ ബാങ്കുകളിൽ നിക്ഷേപം പിൻവലിക്കാൻ തിരക്ക്

text_fields
bookmark_border
Karuvannur Co-operative Bank
cancel

തൃശൂർ: കരുവന്നൂരിന് പിന്നാലെ തൃശൂർ സർവിസ് സഹകരണ ബാങ്കിലേക്കും അയ്യന്തോൾ സഹകരണ ബാങ്കിലേക്കും ഇ.ഡി അന്വേഷണമെത്തിയതോടെ ജില്ലയിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾ പിൻവലിക്കാൻ തിരക്ക്. തിങ്കളാഴ്ച ഇ.ഡി പരിശോധന നടന്ന അയ്യന്തോൾ ബാങ്കിലും തൃശൂർ സഹകരണ ബാങ്കിലും നിക്ഷേപം പിൻവലിക്കൽ ആവശ്യവുമായി നിക്ഷേപകരെത്തി.

ഇ.ഡി ഉദ്യോഗസ്ഥർ നിൽക്കെ തന്നെ നിക്ഷേപം പിൻവലിക്കുന്നതായി നിക്ഷേപകർ അറിയിച്ചു. ബാങ്കിന് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ഒരു അക്കൗണ്ടിലേക്ക് വന്ന തുകയെപ്പറ്റിയാണ് അന്വേഷണമെന്നും ജീവനക്കാർ ഇടപാടുകാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഏറെപേരും പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു. തുക ആവശ്യപ്പെട്ടവർക്കെല്ലാം അനുവദിച്ചെന്ന് ബാങ്കുകൾ അറിയിച്ചു. ജില്ലയിലെ മറ്റ് സഹകരണ ബാങ്കുകളിലും അപ്രതീക്ഷിതമായി നിക്ഷേപം പിൻവലിക്കലുകളുണ്ടായെന്നാണ് സഹകരണ മേഖലയുമായി ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നത്.

സതീഷ് കുമാർ നടത്തിയത് വൻ കൊള്ള

തൃശൂർ: നേതാക്കളുമായുള്ള ബന്ധവും സ്വാധീനവുമുപയോഗിച്ച് പണമിടപാടുകാരൻ പി. സതീഷ് കുമാർ കരുവന്നൂർ ബാങ്കിൽ നടത്തിയ കൊള്ളയിൽ പ്രതിക്കൂട്ടിലായത് സി.പി.എം. നേതാക്കളിൽ ചിലരുമായി സതീഷ് കുമാറിനുണ്ടായിരുന്ന ബന്ധമുപയോഗിച്ചാണ് സഹകരണ ബാങ്കുകളിൽനിന്ന് കോടികൾ തട്ടിയതും കള്ളപ്പണം വെളുപ്പിച്ചതും.

കരുവന്നൂർ ബാങ്കിൽ സതീഷ് കുമാർ നടത്തിയ കള്ളപ്പണ ഇടപാടുകളെപ്പറ്റി ആരംഭിച്ച ഇ.ഡി അന്വേഷണമാണ് മുൻ മന്ത്രി എ.സി. മൊയ്തീനിലേക്കും മുൻ എം.പി പി.കെ. ബിജുവിലേക്കും എം.കെ. കണ്ണനിലേക്കുമെത്തുന്നത്. കരുവന്നൂരിലെ പ്രതിസന്ധിയിൽ കൺസോർട്യം രൂപവത്കരിക്കാൻ നിയോഗിച്ചത് കേരള ബാങ്ക് വൈസ് ചെയർമാനായ എം.കെ. കണ്ണനെയായിരുന്നു.

കണ്ണൻ പ്രസിഡന്‍റായ ബാങ്കാണ് തൃശൂർ സർവിസ് സഹകരണ ബാങ്ക്. കരുവന്നൂർ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച കമീഷൻ അംഗമാണ് പി.കെ. ഷാജൻ. ഏറെക്കാലം അയ്യന്തോൾ സഹകരണ ബാങ്ക് പ്രസിഡന്‍റും മുഖ്യചുമതലക്കാരനുമായിരുന്നു. സതീഷ് കുമാറിന്റെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകൾ നടന്നത് ഇവിടെയായിരുെന്നന്നാണ് പറയുന്നത്. വിദേശ അക്കൗണ്ടുകളിൽനിന്ന് കോടികളുടെ കള്ളപ്പണം തൃശൂരിലെ ബാങ്കുകളിലെത്തിച്ച് വെളുപ്പിച്ചെന്നാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്. സതീഷ് കുമാർ അടക്കമുള്ള കൊള്ളപ്പലിശക്കാരുമായുള്ള നേതാക്കളുടെ അടുപ്പം നേതാക്കളെയും പ്രവർത്തകരെയും കടുത്ത അസംതൃപ്തിയിലാക്കിയിട്ടുണ്ട്.

Show Full Article
TAGS:cooperative banksED
News Summary - ED probe: Rush to withdraw deposits from co-operative banks
Next Story