സ്വപ്ന സുരേഷിന്‍റെ നിയമനങ്ങളിലും ഇ.ഡി അന്വേഷണം, സ്പേസ് പാർക്ക് സ്പെഷ്യൽ ഓഫിസർ സന്തോഷ് കുറിപ്പിന്‍റെ മൊഴിയെടുത്തു
text_fieldsകൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റെ നിയമനങ്ങളിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) അന്വേഷണം. ഇതിന്‍റെ ഭാഗമായി സ്പേസ് പാർക്ക് സ്പെഷ്യൽ ഓഫിസർ സന്തോഷ് കുറിപ്പിന്‍റെ മൊഴി ഇ.ഡി രേഖപ്പെടുത്തി. ഇന്നലെ കൊച്ചി ഓഫിസിൽ വിളിച്ചുവരുത്തിയാണ് സന്തോഷ് കുറുപ്പിനെ ചോദ്യം ചെയ്തത്. ഇന്നും സന്തോഷ് ഇ.ഡിക്ക് മുമ്പിൽ ഹാജരായിട്ടുണ്ട്.
സ്വപ്നക്ക് ജോലി നൽകണമെന്ന് നിർദേശിച്ച കൺസൽറ്റന്‍റായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് പ്രതിനിധികൾക്കും ഇ.ഡി നോട്ടീസ് അയച്ചു. സ്വപ്നയുടെ നിയമനത്തിൽ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്നും സാമ്പത്തിക ഇടപാടുണ്ടെങ്കിൽ അതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നുമാണ് ഇ.ഡി അന്വേഷിക്കുന്നത്.
യു.എ.ഇ കോൺസുലേറ്റിലെ ജോലി നഷ്ടപ്പെട്ടതിന് പിന്നാലെയാണ് സ്വപ്ന സുരേഷിന് സ്പേസ് പാർക്കിൽ ജോലി ലഭിച്ചത്. സ്വപ്നക്ക് ജോലി ലഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം. ശിവശങ്കർ ഇടപെട്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
അതിനിടെ, വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ മുൻ സി.ഇ.ഒ യു.വി. ജോസ് വീണ്ടും എൻഫോഴ്മെന്‍റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായി. തുടർച്ചയായ രണ്ടാം ദിവസമാണ് യു.വി. ജോസ് ഹാജരാകുന്നത്. സന്തോഷ് ഈപ്പന്‍റെ അറസ്റ്റിന് പിന്നാലെയാണ് മുൻ സി.ഇ.ഒ യു.വി ജോസിനെ ഇ.ഡി വിളിച്ചു വരുത്തിയത്.
കഴിഞ്ഞയാഴ്ച ഇ.ഡി യു.വി. ജോസിന്റെ മൊഴിയെടുത്തിരുന്നു. മേലുദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണ് ടുനിടാക്കുമായുള്ള കരാറിൽ ഒപ്പുവെച്ചതെന്നും സന്തോഷ് ഈപ്പനെ തനിക്ക് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം. ശിവശങ്കറാണെന്ന് യു.വി ജോസ് മൊഴി നൽകിയതായാണ് സൂചന.