സി.പി.എമ്മിനുമേൽ ‘ഇ.ഡി’ വാൾ
text_fieldsതൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം സി.പി.എമ്മിനെ കൂടുതൽ കുരുക്കിലാക്കുന്നു. തൃശൂർ സർവിസ് സഹകരണ ബാങ്കിലെ സതീഷ് കുമാറിന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ എം.കെ. കണ്ണന് നോട്ടീസ് നല്‍കിയേക്കുമെന്നാണ് വിവരം.
വായ്പ നല്കാൻ എം.കെ. കണ്ണന് സതീഷ് കുമാറിനെ പരിചയപ്പെടുത്തിയതായി കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ പരാതി നിലവിലുണ്ട്. ഇതോടെ മൊയ്തീന് പിന്നാലെ മറ്റ് പ്രധാന നേതാക്കളായ എം.കെ. കണ്ണനെയും മുൻ എം.പി പി.കെ. ബിജുവിനെയും വിളിപ്പിക്കുമെന്നാണ് സൂചന. കരുവന്നൂരിലെ അന്വേഷണം സി.പി.എമ്മിന്റെ തന്നെ പ്രധാന മറ്റ് മൂന്ന് ബാങ്കുകളിലേക്ക് കൂടി എത്തിയിരിക്കുകയാണ്. അയ്യന്തോൾ സഹകരണ ബാങ്ക്, തൃശൂർ സഹകരണ ബാങ്ക്, കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്ക് എന്നിവിടങ്ങളിലാണ് ഇപ്പോൾ അന്വേഷണമെത്തിയത്.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ. കണ്ണൻ പ്രസിഡൻറായ തൃശൂർ സഹകരണ ബാങ്കിലും അയ്യന്തോൾ സഹകരണ ബാങ്കിലും കരുവന്നൂരിലെ കള്ളപ്പണ ഇടപാടിലെ മുഖ്യപ്രതി സതീഷ് കുമാർ നേരിട്ട് വൻതോതിൽ ഇടപാട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കരുവന്നൂർ ബാങ്കിൽ 18 കോടിയുടെ ക്രമവിരുദ്ധ വായ്പയിൽ വൻതുക കുടിശ്ശിക വരുത്തി മുങ്ങിയ അനിൽ കുമാറിന്റെ അക്കൗണ്ട് മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിന് ഇ.ഡി നോട്ടീസ് നൽകിയത്. തിരൂർ, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട മേഖലകളിലെ പ്രധാന ബാങ്കുകളിലും സതീഷ് കുമാറിന്റെ ഇടപാടുകളുണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്.
തിങ്കളാഴ്ച പരിശോധന നടത്തിയ തൃശൂർ ഗോസായിക്കുന്നിലെ സുനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള എസ്.ടി ജ്വല്ലറിയിൽ ഇയാൾക്ക് നേരിട്ട് നിക്ഷേപമുണ്ടെന്ന് ഇ.ഡിക്ക് വിവരം ലഭിച്ചു. സതീഷ് കുമാര്‍ വെളുപ്പിച്ചെടുത്ത കള്ളപ്പണം ജ്വല്ലറിയില്‍ നിക്ഷേപിച്ചെന്നാണ് പറയുന്നത്.
നേരത്തേ ഇ.ഡി ചോദ്യം ചെയ്ത കോർപറേഷൻ കൗൺസിലർ അനൂപ് ഡേവീസ് കാടയിൽനിന്നാണ് ഇത് ലഭിച്ചതെന്നാണ് പറയുന്നത്. നേരത്തേ ഇ.ഡി ചോദ്യംചെയ്ത അനൂപ് ഡേവിഡ് കാട എസ്.ടി ജ്വല്ലറി ഉടമക്ക് വേണ്ടിയാണ് ഭീഷണിപ്പെടുത്തിയതെന്ന് തങ്കം ജ്വല്ലറി ഉടമ ഗണേഷ് പരാതി പറഞ്ഞിരുന്നു.
പാര്‍ട്ടി ഓഫിസില്‍ വിളിച്ചുവരുത്തി അനൂപ് കാട ഭീഷണിപ്പെടുത്തിയെന്നാണ് ഗണേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സി.പി.എം ഇത് നിഷേധിച്ച് വാർത്താക്കുറിപ്പിറക്കുകയും ചെയ്തിരുന്നു. 50 സെന്റ് സ്ഥലം പണയപ്പെടുത്തി കരുവന്നൂർ ബാങ്കിൽനിന്ന് ആദ്യം രണ്ടരകോടിയും പിന്നീട് ആറുകോടിയും വായ്പയെടുത്ത് മുങ്ങിയ ചേർപ്പ് സ്വദേശി അനിൽ കുമാറുമായി സതീഷ് കുമാറിനും കിരണിനും ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിലാണ് കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിലെ അക്കൗണ്ട് മരവിപ്പിച്ചത്.
പരാതി ഉയർന്നതോടെ സഹകരണ വകുപ്പ് അന്വേഷണവും പിന്നാലെ കേസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ചിന് അന്വേഷണവും ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും പ്രതികളാക്കി അറസ്റ്റ് ചെയ്ത് പണം തിരിച്ചുപിടിക്കലിനായി റവന്യൂ റിക്കവറി നടപടികളിലേക്ക് കടന്നതോടെ ആരോപണങ്ങളൊതുങ്ങി പ്രതിസന്ധി അയയുമെന്നായിരുന്നു കണക്ക് കൂട്ടിയത്. എന്നാൽ, ആദ്യം മടിച്ചുനിന്ന ഇ.ഡി കേസിൽ ഇടപെട്ടതോടെയാണ് സി.പി.എം കുരുക്കിലായത്.