ഇ.ഡി ഉദ്യോഗസ്ഥര ആക്രമിച്ച കേസ്: ഏഴ് പ്രതികളെകൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധനക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ മുൻ കൗൺസിലർ ഐ.പി. ബിനു ഉൾപ്പെടെ ഏഴുപേരെ ശനിയാഴ്ച വൈകിട്ട് അഞ്ച് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ 11 മുതൽ 17 വരെ പ്രതികളെയാണ് കസ്റ്റഡിയിൽവിട്ട് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നടപടി.
വഞ്ചിയൂർ അമ്പലത്തുമുക്ക് രേവന്ത്, വർക്കല ഇലകമൺ ലെനിൻ രാജ്, നെയ്യാറ്റിൻകര തെക്കുമ്പുറം കാവിന് സമീപം ജി.ആർ. നന്ദു, നെയ്യാറ്റിൻകര മഞ്ചവിളാകം രാഹുൽ രാജൻ, നെടുമങ്ങാട് തറട്ട രാഹുൽ, വഞ്ചിയൂർ ജനറൽ ആശുപത്രിക്ക് സമീപം ഐ.പി. ബിനു, കൈമനം സ്വദേശി വൈശാഖ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളുമായി അന്വേഷണസംഘം സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.
ആക്രമണത്തിൽ പരിക്കേറ്റ ഇ.ഡി ഉദ്യോഗസ്ഥർ, കാർ ഡ്രൈവർ, ഇ.ഡി സംഘത്തോടൊപ്പമുണ്ടായിരുന്ന ബാങ്ക് ജീവനക്കാർ, സി.ആർ.പി.എഫ്, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ ഈ പ്രതികളെ കാണിച്ചു തിരിച്ചറിയണമെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കണമെന്നും സംഭവ സ്ഥലത്ത് കൊണ്ടുപോകണമെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും ഇതിന് മതിയായ സമയം വേണമെന്നും സീനിയർ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി ആവശ്യപ്പെട്ടു. പ്രതിയായ മുൻ കൗൺസിലറും പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി. ബിനുവിന് ജയിലിൽ മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ മുരുക്കുംപുഴ വിജയകുമാറും ആവശ്യപ്പെട്ടു.
എന്നാൽ, പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ച കോടതി പ്രതികളെ രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നുമുതൽ 10 വരെ പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയിൽ നൽകിയിരുന്നു. ഇവരുടെ തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായതിന് പിന്നാലെയാണ് ഏഴ് പ്രതികളെ കൂടി കസ്റ്റഡിയിൽ വാങ്ങിയത്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ഇ.ഡി ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇക്കാര്യങ്ങളും അന്വേഷണസംഘം പരിശോധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

