ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എ. സന്തോഷ് കുമാർ സ്‌പെഷല്‍ പ്രോസിക്യൂട്ടർ
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധന നടത്തി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ എ. സന്തോഷ് കുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് ടി. ഗീനാ കുമാരിയെ നീക്കി.
പ്രോസിക്യൂട്ടര്‍ ഗീനാ കുമാരി പ്രതികളെ രക്ഷിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ്‌കുമാറിനെ കസ്റ്റഡിയില്‍ വാങ്ങേണ്ടതില്ലെന്നാണ് ഗീനാ കുമാരി കോടതിയില്‍ വാദിച്ചത്. കേസില്‍ ഒമ്പതാം പ്രതിക്ക് ജാമ്യം ലഭിച്ചതും വിവാദമായിരുന്നു. ഇതിനിടെ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സിറ്റി പോലീസ് കമീഷണര്‍ക്ക് കത്തും നല്‍കി.
തുടര്‍ന്നാണ് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് ടി. ഗീനാ കുമാരിയെ നീക്കിയത്. എൽ.ഡി.എഫ് സര്‍ക്കാറാണ് പ്രോസിക്യൂട്ടറാണ് ഗീനാ കുമാരിയെ നിയമിച്ചിരുന്നത്. അഡീഷണൽ ഗവ. പ്ലീഡർ എ.ആർ. ഷാജിക്കാണ് പകരം ചുമതല.
തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ സന്തോഷ് കുമാര്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ ഹാജരാകും. കേസിൽ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥനായ മ്യൂസിയം എസ്.എച്ച്.ഒ പ്രശാന്തും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും തമ്മിൽ ഞായറാഴ്ച കേസ് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കേസിൽ ഹാജരാകുന്നതിന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്.
ഗൂഢാലോചനയും പ്രോസിക്യൂട്ടർ തലത്തിൽ ഒത്തുകളിയും നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുള്ളതിനാൽ വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് സർക്കാർ കടക്കുകയാണ്.
പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള വസതിയിൽ റെയ്ഡ് നടത്താനെത്തിയ ഉദ്യോഗസ്ഥരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതാണ് കേസ്. ഇതിനുപുറമെ ഇ.ഡി ഉദ്യോഗസ്ഥർ വന്ന വാഹനം തടയുകയും തകർക്കുകയും ചെയ്തിരുന്നു. തുടർന്ന് സി.പി.എം പ്രവർത്തകർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് അതീവ ഗൗരവതരമെന്നും പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കൂട്ടുനിന്ന പ്രോസിക്യൂട്ടർ ഗീനാ കുമാരിയെ ജോലിയിൽ നിന്ന് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്.
2011-15 കാലയളവില്‍ ജില്ല ഗവ. പ്ലീഡര്‍ ആയിരുന്നു സന്തോഷ് കുമാര്‍. കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തം, ചെറിയതുറ വെടിവെപ്പ് തുടങ്ങിയ കേസുകളില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

