ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം ഗൂഢാലോചന കണ്ടെത്താനായില്ലെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നതായി ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്ന നിലപാടിൽ പ്രത്യേകാന്വേഷണ സംഘം. ഇത് തെളിയിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പും ചോദ്യം ചെയ്യലും നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നിലപാട്.
പ്രതികളുടെ കോൾ റെക്കോഡ് പരിശോധന പൂർത്തിയായെങ്കിലും ഇതിലും ഗൂഢാലോചന തെളിവുകളില്ലെന്നാണ് കണ്ടെത്തൽ. ഏരിയ സെക്രട്ടറി തലത്തിലുള്ള കോളുകൾ മാത്രമാണ് പിടിയിലായവരുടെ ഫോണുകളിലുള്ളത്. അവ സമരത്തിന് എത്താൻ ആവശ്യപ്പെട്ടുള്ളതാണെന്നാണ് പ്രതികളുടെ മൊഴി. അക്രമത്തിന് ആരെങ്കിലും ആഹ്വാനം ചെയ്തോയെന്ന് കണ്ടെത്താൻ പ്രതികളുടെ ഫോണുകളുടെ സൈബർ ഫോറൻസിക് പരിശോധന നടത്തുന്ന കാര്യവും പൊലീസിന്റെ പരിഗണനയിലുണ്ട്.
അതിനായി ഫോണുകളുടെ ഹാഷ് വാല്യൂ സെറ്റ് ചെയ്തു കഴിഞ്ഞു. പരിശോധനയിൽ കണ്ടെത്തേണ്ട കാര്യങ്ങൾ സംബന്ധിച്ച് കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു. അക്രമത്തിന് ആഹ്വാനം നൽകി സന്ദേശങ്ങളുണ്ടെങ്കിൽ ഈ പരിശോധനയിൽ കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഗൂഢാലോചനയുണ്ടെന്നും ‘കൊല്ലെടാ’ എന്ന് ആക്രോശിച്ചാണ് ആക്രമണമെന്നുമായിരുന്നു ഇ.ഡി ഉദ്യോഗസ്ഥർ നൽകിയ പരാതി. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷിക്കുന്നത്.
എന്നാൽ, ഇതുവരെ ഗൂഢാലോചന തെളിയിക്കുന്ന വിവരങ്ങൾ കിട്ടിയില്ല. അതിനിടെ, ഇരുപതിലേറെ പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇതിൽ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ആക്രമിച്ച മൂന്ന് പ്രതികളുമുണ്ട്. ഒരാൾ വിദേശത്തേക്ക് കടന്നെന്നാണ് പൊലീസ് പറയുന്നത്. നിലവിൽ 26 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. അതിൽ ഒരാൾക്ക് കഴിഞ്ഞ ദിവസം ജില്ല കോടതി ജാമ്യം അനുവദിച്ചത് വിവാദമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

