ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; നാല് പ്രതികൾക്ക് കൂടി ജാമ്യം
text_fieldsകൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡ് നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ സി.പി.എം പ്രവർത്തകരായ നാല് പ്രതികൾക്ക് കൂടി ഹൈകോടതി ജാമ്യം അനുവദിച്ചു. മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ 12ാം പ്രതി ലെനിൻ രാജ്, 15ാം പ്രതി രാഹുൽ, 17ാം പ്രതി വൈശാഖ്, 18ാം പ്രതി എസ്.പി. അമൽ എന്നിവർക്കാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ദിവസം ഒമ്പത് പേർക്ക് ജാമ്യം അനുവദിച്ച അതേ ഉപാധികളോടെയാണ് ഇവർക്കും ജാമ്യം നൽകിയത്. 2026 മേയ് 27ന് രാവിലെ ബേക്കറി ജംഗ്ഷന് സമീപമുള്ള പ്രതിപക്ഷ നേതാവിന്റെ വസതിയിൽ പരിശോധന നടത്തി മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥരെ മുന്നൂറിലധികം പേർ ചേർന്ന് തടയുകയും മർദിക്കുകയും ചെയ്തുവെന്നാണ് കേസ്. 60 ദിവസത്തിലേറെയായി ജയിലിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം.
മെയ് 27 മുതൽ പ്രതികൾ ജയിലിലാണെന്നതും അന്വേഷണം ഏതാണ്ട് പൂർത്തിയായ സാഹചര്യവും പരിഗണിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതികൾ ഗൗരവമുള്ള കേസുകളിൽ മുമ്പ് ഉൾപ്പെട്ടവരല്ലെന്നും ഇ.ഡി ഉദ്യോഗസ്ഥർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുമില്ലെന്ന് കോടതി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

