മസാല ബോണ്ടിൽ ഇ.ഡി നോട്ടീസ്: കിഫ്ബി ഹൈകോടതിയിൽ; ചൊവ്വാഴ്ച വാദം കേൾക്കും
text_fieldsകൊച്ചി: മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ഫെമ ചട്ടലംഘനമാണെന്ന് കാട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കാരണം കാണിക്കൽ നോട്ടീസിനെതിരെ കിഫ്ബിയുടെ ഹരജി. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ ഫണ്ട് (കിഫ്ബി) വിദേശ വിനിമയ നിയന്ത്രണ നിയമം (ഫെമ) ലംഘിച്ചെന്ന, പ്രഥമദൃഷ്ട്യ നിലനിൽക്കാത്ത പരാതിയുടെ അടിസ്ഥാനത്തിൽ നൽകിയ നോട്ടീസ് റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. നോട്ടീസ് സ്റ്റേ ചെയ്യണമെന്ന കിഫ്ബിയുടേയും ഹരജി നിലനിൽക്കില്ലെന്ന ഇ.ഡിയുടേയും ആവശ്യത്തിൽ ചൊവ്വാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ ജസ്റ്റിസ് വി.ജി. അരുൺ ഹരജി മാറ്റി.
കിഫ്ബി പദ്ധതിയെക്കുറിച്ച് അന്വേഷണം നടത്തിയശേഷം ഇ.ഡി അസി. ഡയറക്ടർ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കിഫ്ബിക്ക് നോട്ടീസ് നൽകിയത്. പരാതി നിലനിൽക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും നോട്ടീസും തുടർ നടപടികളുമായി ഇ.ഡി മുന്നോട്ടുപോകുന്നത് നിയമത്തിന്റെ ദുരുപയോഗം ലക്ഷ്യമിട്ടാണ്. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം നോട്ടീസുകള്‍ അയക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. ഇതിനു മുമ്പ് നോട്ടീസുകള്‍ അയച്ചത് 2021ലെ നിയമസഭ, 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു. നോട്ടീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് മനപ്പൂര്വവുമാണ്.
അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി സ്ഥലമേറ്റെടുക്കുന്നതിനടക്കം ഫണ്ട് കണ്ടെത്താനാണ് വിദേശത്ത് മസാല ബോണ്ട് പുറപ്പെടുവിച്ചത്. റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി സ്ഥലം വാങ്ങുന്നുവെന്ന ആരോപണമുന്നയിച്ചാണ് നോട്ടീസ്. അടിസ്ഥാന സൗകര്യ വികസനത്തിന് വിദേശ ഫണ്ട് സ്വീകരിക്കുന്നതിൽ തടസ്സമില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഇതുവരെ എതിർപ്പ് ഉന്നയിച്ചിട്ടില്ലെന്നും കിഫ്ബി വ്യക്തമാക്കി. അതേസമയം, ഹരജി നിലനിൽക്കുന്നതല്ലെന്നും നോട്ടീസിന് അഡ്ജുഡിക്കേറ്റ് അതോറിറ്റിക്ക് വിശദീകരണം നൽകുകയാണ് വേണ്ടതെന്നും ഇ.ഡിക്ക് വേണ്ടി അഡീ. സോളിസിറ്റർ ജനറൽ വാദിച്ചു. അതോറിറ്റിയുടെ നോട്ടീസിനെതിരെ പരാതി നൽകേണ്ടത് അപ്പലറ്റ് ട്രൈബ്യൂണലിലാണ്. അതിനാൽ, ഹരജി അപക്വമാണെന്നും ഹൈകോടതിക്ക് പരിഗണിക്കാനാവില്ലെന്നുമാണ് ഇ.ഡിയുടെ വാദം. അതോറിറ്റികളുടെ തെറ്റായ നടപടികളെ കോടതികളിലൂടെതന്നെ ചോദ്യം ചെയ്യാമെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെന്ന് ഹരജിക്കാരും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

