ഡിജിറ്റൽ റീ സർവേ ഉപകരണങ്ങൾ വാങ്ങൽ: അഴിമതി ഇ.ഡി അന്വേഷിച്ചേക്കും
text_fieldsതൃശൂർ: സംസ്ഥാനത്തെ 1666 വില്ലേജുകളിൽ ഡിജിറ്റൽ റീ സർവേ നടത്താൻ 399.44 കോടി രൂപ ചെലവാക്കിയതിൽ അഴിമതി ആരോപിച്ചുള്ള പരാതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിച്ചേക്കും. പ്രധാനമന്ത്രിയുടെ ഓഫിസിന് നൽകിയ പരാതി തുടർനടപടികൾക്കായി ഇ.ഡിക്ക് കൈമാറി. കെ.പി.സി.സി സെക്രട്ടറിയും തൃശൂരിലെ അഭിഭാഷകനുമായ ഷാജി കോടങ്കണ്ടത്താണ് പരാതി നൽകിയത്.
നേരത്തേ വിജിലൻസിനും സി.ബി.ഐ കൊച്ചി യൂനിറ്റിനുംപരാതി നൽകിയിരുന്നു. സി.ബി.ഐ വിജിലൻസിന് കൈമാറിയ പരാതിയിൽ നടത്തിയ പ്രാഥമിക അേന്വഷണത്തിൽ പ്രഥമദൃഷ്ട്യാ അഴിമതിയുണ്ടെന്ന് കണ്ടെത്തിയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കരാറിന് ശേഷം അടങ്കൽ തുക ഉയർത്തൽ, ടെൻഡറിന് ആവശ്യമായ പരസ്യം നൽകാതിരിക്കൽ, പ്രീബിഡ്ഡിങ്ങിൽ പങ്കെടുത്ത കമ്പനികൾ ടെൻഡറിൽ നിന്ന് വിട്ടുനിൽക്കൽ, ഉപകരണങ്ങൾ വളരെ വേഗം തകരാറിലായത് തുടങ്ങിയവ അഴിമതിക്ക് കാരണമാണെന്ന് പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
168 കോടിയുടെ ഉപകരണങ്ങൾ വാങ്ങാനുള്ള എസ്റ്റിമേറ്റ് ടെണ്ടൻഡർ പ്രസിദ്ധീകരിച്ച ശേഷമാണ് 343.13 കോടിയായി ഉയർത്തിയത്. പ്രീ ബിഡ്ഡിങിൽ 12 കമ്പനികൾ പങ്കെടുത്തിരുന്നെങ്കിലും പത്തെണ്ണവും പിൻമാറിയത് സംശയാസ്പദമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പരസ്യത്തിൽ അടങ്കൽ തുക 168 കോടി കാണിച്ച ശേഷം പിന്നീട് റിവൈസ്ഡ് എസ്റ്റിമേറ്റുണ്ടാക്കി 343 കോടിയാക്കി ഉയർത്തിയത് അഴിമതിക്ക് വേണ്ടിയാണെന്ന ആക്ഷേപവുമുണ്ട്.
ചുരുങ്ങിയ കാലയളവിൽ വൻതോതിൽ ഉപകരണങ്ങൾ കേടായതോടെ ഗുണനിലവാരത്തിൽ റിപ്പോർട്ടിൽ വിജിലൻസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഷാജി കോടങ്കണ്ടത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

