ഇ.ഡി കത്തിന് യാതൊരു വിലയുമില്ലെന്ന് എം.വി. ഗോവിന്ദൻ; ‘പഞ്ചാബും തമിഴ്നാടും അന്ന് അംഗീകരിച്ചിട്ടില്ല, ഇവിടെ ബിജെപിയുമായി ഡീൽ വരുമോ എന്ന് കണ്ടറിയാം’
text_fieldsഎം.വി. ഗോവിന്ദൻ
തിരുവനന്തപുരം: പിണറായി വിജയനും മകൾ വീണക്കും റിയാസിനും എതിരെയുള്ള ഇ.ഡി നടപടിയെ രാഷ്ട്രീയമായും സംഘടനാപരമായും നേരിടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. കള്ളകഥകൾ ഒന്നും കേരളം അംഗീകരിക്കാൻ പോകുന്നില്ലെന്നും ഓലപ്പാമ്പ് കാണിച്ച് ഭയപ്പെടുത്താൻ നോക്കണ്ട എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
താഴെ കോടതി മുതൽ വിജിലൻസ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും പരിശോധിച്ചു തള്ളിക്കളഞ്ഞ കേസാണിത്. അതിലാണ് ഇപ്പോൾ പിണറായിയെയും റിയാസിനെയും ഉൾപ്പെടുത്താനുള്ള ശ്രമം നടത്തുന്നത്. അതിനെയെല്ലാം പാർട്ടി നിയമപരമായും രാഷ്ട്രീയമായും നേരിടും. സഖാവ് ചടയന്റെ സ്മരണ പുതുക്കുന്ന ഇന്നത്തെ ദിവസം പാർട്ടിക്ക് ചൂണ്ടിക്കാണിക്കാനുള്ളത് അതാണ്. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അഭിമീകരിച്ചുകൊണ്ട് തന്നെയാണ് പാർട്ടി മുന്നോട്ടുവന്നത്. ആ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള കരുത്തായിരുന്നു സഖാവ് ചടയൻ ഉൾപ്പെടെയുള്ള നേതൃനിര.
ഒരു ഉത്തമ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായി വളരെ ലളിതമായ ജീവിതത്തിലൂടെ കമ്മ്യൂണിസ്റ്റ് മൂല്യം പൂർണമായി ഉയർത്തിപ്പിടിച്ച ചടയന്റെ സ്മരണക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. പാർട്ടിയെയും പ്രസ്ഥാനത്തെയും അതിശക്തമായി മുന്നോട്ടുനയിക്കാൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളിലും ഊർജ്ജ സ്രോതസ്സായി ചടയന്റെ സ്മരണ ഞങ്ങൾക്ക് ആവേശം നൽകും.
കേസെടുക്കണമെന്ന ഇ.ഡിയുടെ കത്തിന് യാതൊരു വിലയുമില്ല. ഇതിനു മുമ്പ് പഞ്ചാബിലെയും തമിഴ്നാട്ടിലെയും ഗവൺമെന്റിന്റെ മുമ്പിൽ ഇതുപോലുള്ള കത്ത് വന്നിരുന്നു. അവരത് അംഗീകരിച്ചിട്ടില്ല. ഇവിടെയുള്ള സർക്കാർ എന്ത് നിലപാടാണ് സ്വീകരിക്കുക എന്ന് പറയാൻ സാധിക്കില്ല. കാരണം കോൺഗ്രസുകാരുടെ നിലപാട് ഇരട്ടത്താപ്പാണ്. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഉൾപ്പെടെയുള്ളവർക്കെതിരെ കേന്ദ്ര ഏജൻസികൾ വരുമ്പോൾ എടുക്കുന്ന നിലപാട് വേറെയാണ്. എന്നിട്ട് ഇവിടെ അവരിൽ തന്നെ ചില ആളുകൾ വന്ന് എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യം ചോദിച്ചവരാണ്. പുതിയ സാഹചര്യത്തിൽ അവരും ബിജെപിക്കാരും ചേർന്നുകൊണ്ടുള്ള ഒരു ഡീൽ രൂപപ്പെടുമോ എന്ന് കണ്ടറിയണം.
182 കോടി രൂപയുടെ ഇടപാടാണ് എക്സലോജിക് ഇടപാടിൽ പറയുന്നത്. അതിൽ മൂന്നുകോടി മാത്രമാണ് ഇ.ഡി റിപ്പോർട്ടിലുള്ളത്. ബാക്കി തുക ഇന്നത്തെ ആഭ്യന്തര മന്ത്രിയും ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന പികെ കുഞ്ഞാലിക്കുട്ടിയും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വാങ്ങിയിട്ടുണ്ടെന്ന് അവർ തന്നെ സമ്മതിക്കുകയും ചെയ്തതാണ്. സംഭാവനയായി വാങ്ങി എന്നാണ് പറയുന്നത്. അതിന്റെ പേരിൽ കേസില്ല.
രാഷ്ട്രീയ പ്രേരിതമായി സിപിഎമ്മിനെയും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെയും കേസിൽ ഉൾപ്പെടുത്താൻ രാഷ്ട്രീയ ഇടപെടലാണ് നടത്തുന്നത്. അതിനെ ഞങ്ങൾ രാഷ്ട്രീയമായും സംഘടനാപരമായിട്ടും നേരിടും -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

