പുൽപള്ളി സഹകരണ ബാങ്കിലെ വായ്പ ക്രമക്കേടിൽ ഇ.ഡി അന്വേഷണം
text_fieldsപുൽപള്ളി: പുൽപള്ളി സർവിസ് സഹകരണ ബാങ്കിലെ വായ്പാക്രമക്കേടിനെക്കുറിച്ച് ഇ.ഡി അന്വേഷണം. മുൻ ഭരണസമിതിയുടെ കാലത്ത് 8.34 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ കാലത്ത് ബാങ്കിൽ നടന്ന ഇടപാടുകൾ സംബന്ധിച്ചാണ് അന്വേഷണം നടക്കുക. ഇതിന്‍റെ ഭാഗമായി പഴയ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് അന്വേഷണം.
മുൻ ഭരണസമിതിയുടെ കാലത്ത് നൽകിയ മുഴുവൻ വായ്പകളുടെയും നിക്ഷേപത്തിന്‍റെയും വിവരങ്ങൾ അറിയുന്നതിനായി ഇ.ഡിയുടെ കോഴിക്കോട് ഓഫിസിൽനിന്ന് ബാങ്ക് സെക്രട്ടറിക്ക് കത്തയച്ചു. 2015-17 കാലയളവിലെ ഇടപാടുകളാണ് അന്വേഷിക്കുന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാമും ഇന്‍റേണൽ ഓഡിറ്റർ പി.യു. തോമസും ഉൾപ്പെടെയുള്ളവർ അന്വേഷണപരിധിയിൽ വരും.
ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് 2018ൽ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു. തുടർന്ന് അഡ്മിനിസ്ട്രേറ്റർ ഭരണത്തിലായിരുന്നു ബാങ്ക്. സമീപകാലത്താണ് ബാങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. ഇ.ഡി അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നാണ് അന്നത്തെ ബാങ്ക് പ്രസിഡന്‍റായിരുന്ന കെ.കെ. അബ്രഹാം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

