കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസണിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു. വ്യാജ പുരാവസ്തുവിന്‍റെ മറവിൽ നടത്തിയ കള്ളപ്പണ ഇടപാടുകളെക്കുറിച്ചാണ് അന്വേഷിക്കുക.അന്വേഷണ വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് പൊലീസിന് ഇ.ഡി കത്ത് നൽകി. മോൻസൺ മാവുങ്കൽ, അദ്ദേഹത്തിന്‍റെ മുൻ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
അതെ സമയം പുരാവസ്തു- സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ കേസിൽ പോലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയേയും എ.ഡി.ജി.പി മനോജ് എബ്രാഹിനേയും ഹൈകോടതി വിമർശിച്ചിരുന്നു. ലോക്നാഥ് ബെഹ്റയും മനോജ് എബ്രഹാമും എന്തിനാണ് മോൻസന്റെ വീട്ടിൽ പോയതെന്ന് കോടതി ചോദിച്ചിരുന്നു. മോൻസൺ മാവുങ്കലിന് എതിരായ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈകോടതിക്ക് കൈമാറിയിരുന്നു. ഇത് പരിഗണിക്കവേയാണ് കോടതി വിമർശനം. ഡി.ജി.പിയുടെ സത്യവാങ്മൂലവും കോടതിക്ക് നല്‍കിയ രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
പോലീസ് മേധാവിയും എ.ഡി.ജി.പിയും വെറുതെ ഒരു വീട്ടിൽ പോകുമോ എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കേസിൽ ഉരുണ്ടു കളിക്കരുതെന്നും ഡി.ജി.പിയോട് (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) കോടതി പറഞ്ഞു.മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് നൽകിയത്. മോൻസണ് എതിരെ അന്വേഷണം ആവശ്യപ്പെട്ട് മുൻ ഡി.ജി.പി ലോകനാഥ് ബെഹ്റ എഴുതിയ കത്തും കോടതിക്ക് കൈമാറിയിട്ടുണ്ട്. പുരാവസ്തു മ്യൂസിയത്തിന്റെ പ്രവർത്തനത്തിൽ സംശയം പ്രകടിപ്പിച്ച് ഡി.ജി.പി മനോജ് എബ്രഹാം എഴുതിയ നോട് ഫയലും റിപ്പോർട്ട് ഉൾകൊള്ളിച്ചിരുന്നു.
ഇതിനിടെ പോക്സോ കേസിൽ തെളിവെടുപ്പിനായി മോൻസൻ മാവുങ്കലിനെ കൊച്ചിയിലെ വീട്ടിലെത്തിച്ചു. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കും മുൻപ് തെളിവെടുപ്പ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.