ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: കക്ഷിചേർക്കാൻ ആവശ്യപ്പെട്ട് ഇ.ഡി, ഒത്തുകളിക്ക് കൂടുതൽ തെളിവുകൾ
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ പരിശോധനക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാൻ സി.പി.എം ബന്ധമുള്ള പബ്ലിക് പ്രോസിക്യൂട്ടർ നടത്തിയ ഒത്തുകളി വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകൾ പുറത്ത്. കേസിൽ കക്ഷിചേർക്കണമെന്ന ഹരജിയുമായി ഇ.ഡിയും കോടതിയെ സമീപിച്ചു.
അതിനിടെ, വിവാദത്തിൽ ഇടപെട്ട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡി.ജി.പി) ആസഫ് അലിയും രംഗത്തെത്തി. തിങ്കളാഴ്ച മുഴുവൻ രേഖകളുമായി ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥന് അദ്ദേഹം നിർദേശം നൽകി. പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് ഗീനാകുമാരിയെ മാറ്റണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമീഷണർ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.
ഒമ്പതാം പ്രതി ഹരീഷ് കുമാറിന്‍റെ ജാമ്യത്തെ എതിർത്ത് കഴിഞ്ഞ 18നുതന്നെ പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, റിപ്പോർട്ട് കൈമാറിയ പ്രോസിക്യൂട്ടർ ഗീനാകുമാരി ജാമ്യത്തെ എതിർക്കാത്തതും ഇനി കസ്റ്റഡിയിൽ വേണ്ടെന്ന് നിലപാടെടുത്തതുമാണ് പ്രതിക്ക് ജില്ല കോടതി ജാമ്യം അനുവദിക്കാൻ കാരണമായത്. ജാമ്യഹരജിയിൽ വാദം കേൾക്കുന്ന ദിവസം പ്രോസിക്യൂട്ടർ പൊലീസിനെ അറിയിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.
അതിനിടെ, ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവർത്തകന് ജാമ്യം നല്‍കിയതിൽ കക്ഷിചേരാൻ ഇ.ഡി കോടതിയിൽ ഹരജി നല്‍കി. അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നാണ് ഇ.ഡി ഹരജിയിൽ ആരോപിക്കുന്നത്. ജാമ്യ ഹരജിയിൽ പ്രോസിക്യൂട്ടർ സ്വീകരിച്ച നിലപാട് സംശയാസ്പദമാണെന്നും നിരവധി പ്രതികൾ ഇപ്പോഴും പുറത്താണെന്നും ഹരജിയിൽ പറഞ്ഞു. ഗൂഢാലോചന ഉൾപ്പെടെ തെളിയിക്കേണ്ടതുണ്ടെന്നും ഇ.ഡി അസിസ്റ്റന്‍റ് ഡയറക്ടർ സനത് റെഡ്ഡി സമർപ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

