പിണറായി വിജയന്റെ വീട്ടിൽ നോട്ടീസ് പതിച്ചു; മാസപ്പടി കേസിൽ അസാധാരണ നടപടിയുമായി ഇ.ഡി
text_fieldsതിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നോട്ടീസ് പതിപ്പിച്ച് ഇ.ഡി. തിരുവനന്തപുരത്തെ വാടകവീട്ടിലാണ് ഇ.ഡി അസാധാരണ നീക്കത്തിലൂടെ നോട്ടീസ് പതിച്ചത്. നോട്ടീസ് നൽകാൻ ഇന്ന് ഇ.ഡി തിരുവനന്തപുരത്തെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ വീട്ടിൽ ആളുണ്ടായിരുന്നില്ല. ഇതോടെ പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ നോട്ടീസ് പതിച്ച് ഇ.ഡി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. അടുത്ത ആഴ്ച നേരിട്ട് ഹാജരാകാനാണ് സമൻസിലെ നിർദേശം. സുപ്രീംകോടതി കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തിൽ ഹാജരാകുന്ന കാര്യം പിന്നീട് തീരുമാനിക്കും. നിയമസഭ നടക്കുന്ന കാര്യവും ചൂണ്ടിക്കാട്ടാനാണ് പ്രതിപക്ഷത്തിന്റെ ആലോചന.
അതേസമയം, ഇ.ഡി നീക്കത്തിനെതിരെ സി.പി.എം നേതാക്കൾ രംഗത്തെത്തി. നീക്കം അന്യായമാണെന്ന് വി. ശിവൻകുട്ടി പറഞ്ഞു.
അതിനിടെ, സി.എം.ആർ.എൽ കേസിൽ പിണറായി വിജയന്റെ ഹരജി അനുഭാവപൂർവം പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. വെക്കേഷൻ ബെഞ്ച് പരിഗണിക്കാനാവുമോ എന്ന് നോക്കാമെന്നും ഇല്ലെങ്കിൽ 26-ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. അറസ്റ്റിന് സാധ്യതയുണ്ടെന്ന് പിണറായി കോടതിയെ അറിയിച്ചു. സിദ്ധാർഥ് ലൂത്രയാണ് പിണറായിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. മുഹമ്മദ് റിയാസും വീണയും സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിനെതിരെയാണ് പിണറായി ഹരജി നൽകിയത്. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചിരുന്നു.
സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് പരിഗണിച്ചില്ല. സിംഗിൾ ബെഞ്ച് വിധിയിൽ തന്റെ ഭാഗം കേട്ടില്ലെന്നും ഏകപക്ഷീയമായാണ് ഉത്തരവിട്ടതെന്നും ചൂണ്ടിക്കാട്ടി പിണറായി സമർപ്പിച്ച ഹരജി കോടതി ഒറ്റവരിയിലാണ് തള്ളിയത്. തന്റെ വാദം കൂടി കേൾക്കണമെന്ന പിണറായി വിജയന്റെ ആവശ്യം ഡിവിഷൻ ബെഞ്ച് അംഗീകരിക്കാൻ തയ്യാറായില്ല. ഇതിനെതിരെയാണ് പിണറായി സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

