സ്വപ്നയെ ഇ.ഡി ഇന്നലെയും ചോദ്യം ചെയ്തു
text_fieldsതിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ചൊവ്വാഴ്ചയും ചോദ്യം ചെയ്തു. അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന സ്വപ്നയെ ഇ.ഡി അസി.ഡയറക്ടര്‍ രാധാകൃഷ്ണെൻറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. രാവിലെ പത്തുമുതൽ വൈകീട്ട് നാലുവരെ ചോദ്യം ചെയ്യൽ തുടർന്നു.
മൂന്നുദിവസത്തേക്ക് ചോദ്യം ചെയ്യാനുള്ള അനുമതിയാണ് ഇ.ഡിക്ക് ലഭിച്ചത്. തിങ്കളാഴ്ചമുതല്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ ബുധനാഴ്ചയും തുടരും. ജയിലധികൃതരുടെ സാന്നിധ്യത്തിലാണെങ്കിലും ചോദ്യങ്ങളും സ്വപ്നയുടെ മറുപടിയും അവര്‍ കേള്‍ക്കാത്ത വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. സ്വപ്ന ഇ.ഡിക്ക് നല്കുന്ന മൊഴി ജയില്‍ ഉദ്യോഗസ്ഥര്‍വഴി പുറത്തുപോകുന്നത് തടയാനാണ് ഈ ക്രമീകരണം. ജയിലധികൃതരില്‍നിന്ന് നിശ്ചിത അകലത്തില്‍ പ്രതിയെ ചോദ്യം ചെയ്യാനുള്ള അനുമതി ഇ.ഡി കോടതിയില്‍നിന്ന് നേടിയിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് നടപടി.
ഡോളർ കടത്തിന് പുറമെ ശബ്ദരേഖ ചോർന്ന സംഭവം, ജയിലിലെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളിലും സ്വപ്നയിൽനിന്ന് ഇ.ഡി വ്യക്തത വരുത്തുന്നുണ്ട്. ഇ.ഡിയെ പ്രതിരോധത്തിലാക്കുന്ന നിലയിലുള്ള ശബ്ദരേഖയാണ് സ്വപ്നയുടേതെന്ന പേരിൽ പുറത്തുവന്നത്. ഡോളർ കടത്തിൽ ചില ഉന്നതരുടെ പേരുകൾ കസ്റ്റംസിനും കോടതിക്കും നൽകിയ രഹസ്യമൊഴിയിൽ സ്വപ്ന വ്യക്തമാക്കിയിരുന്നു. അതിലും വ്യക്തത വരുത്തുന്നതിനായാണ് ഇ.ഡി ചോദ്യം ചെയ്യൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

