വീണക്ക് ഹവാല ഇടപാടെന്ന് ഇ.ഡി
text_fieldsകൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കേസിൽ ഹവാല ഇടപാടിന് തെളിവ് ലഭിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ ഹവാല ഇടപാടുകളിലൂടെ പണം കൈമാറിയതിന് തെളിവ് ലഭിച്ചതായാണ് ഇ.ഡിയുടെ റിപ്പോർട്ട്.
കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീടുകളും സ്ഥാപനങ്ങളുമടക്കം കോഴിക്കോട് ജില്ലയിലെ ഒമ്പതിടങ്ങളിൽ ചൊവ്വാഴ്ച ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. കേസിൽ എസ്.എഫ്.ഐ.ഒ നടത്തിയ അന്വേഷണത്തിന്റെ ചുവട് പിടിച്ചായിരുന്നു ഇ.ഡിയുടെ പരിശോധന.
ഒമ്പതിടങ്ങളിലായി നടത്തിയ പരിശോധനക്കിടെ നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തതായും പലരുടെയും മൊഴികൾ രേഖപ്പെടുത്തിയതായും ഇ.ഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഹവാല ചാനലുകൾ വഴി പണം കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട തെളിവുകളും ലഭിച്ചിട്ടുണ്ട്. തന്റെ സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള വരുമാനത്തിനപ്പുറമുള്ള തുക വീണ കൈകാര്യം ചെയ്തതായും കണ്ടെത്തി.
വീണയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ ഒരു സിം കാർഡിന്റെ ചിത്രവുമുണ്ട്. മറ്റൊരു വ്യക്തിയുടെ പേരിലുള്ള സിം വൈഫൈ റൂട്ടറിനായാണ് ഉപയോഗിച്ചിരുന്നത്. മറ്റൊരാളുടെ പേരിലെടുത്ത സിമ്മും വൈഫൈ റൂട്ടറും ഇന്റർനെറ്റ് അധിഷ്ഠിത ഫോൺ കോളുകൾക്കായാണ് ഉപയോഗിച്ചിരുന്നത് എന്ന് സംശയിക്കുന്നതായും ഇ.ഡിയുടെ റിപ്പോർട്ടിൽ പറയുന്നു.
മേയ് 27ന് നടത്തിയ പരിശോധനയിൽ വീണയുടെ കൈപ്പടയിലുള്ള ചില രേഖകൾ കണ്ടെത്തിയിരുന്നു. അതിൽ ചില വ്യക്തികളുടെ പേരും ദുബൈയിലേക്കടക്കം നടത്തിയ പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങളും രേഖപ്പെടുത്തിയിരുന്നു. ഏകദേശം 85 ലക്ഷം രൂപ ദുബൈയിലേക്ക് കൈമാറിയെന്നാണ് ഖേകളിൽ നിന്ന് വ്യക്തമാകുന്നത്. ആകെ 20.05 കോടിയുടെ ഇടപാട് നടന്നതായാണ് വിവരം.
വീണയുടെ കൈപ്പടയിലുള്ള രേഖകളിൽ പറയുന്ന വ്യക്തികളും സിം കാർഡ് നൽകിയ ആളും കഴിഞ്ഞദിവസത്തെ പരിശോധനയുടെ പരിധിയിൽ വന്നിട്ടുണ്ട്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായിരുന്നു ചൊവ്വാഴ്ചത്തെ പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

